പിവി അന്‍വറിനെതിരായ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കും

പിവി അന്‍വറിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. പ്രവാസി വ്യവസായിയില്‍ നിന്നും 50 ലക്ഷം തട്ടിയ കേസാണ് ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കുക. കോടതി ഉത്തരവ് പ്രകാരം ഡിജിപി ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

2012ൽ മംഗലാപുരത്ത് ക്രഷർ യൂണിറ്റിൽ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് പ്രവാസി മലയാളിയായ സലീമിൽ നിന്നും അൻവർ എം.എൽ.എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ സമയത്ത് അൻവറിന് മംഗലാപുരത്ത് ക്രഷർ യൂണിറ്റ് ഇല്ലായിരുന്നുവെന്ന് രേഖകൾ തെളിയിക്കുന്നു. 22 ഏക്കര്‍ സ്ഥലമുണ്ടെന്ന് പറഞ്ഞിടത്ത് ഒരേക്കര്‍ 87 സെന്‍റ് ഭൂമി മാത്രമാണ് ഉള്ളതെന്നും രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. മംഗലാപുരത്ത് കെ.ഇ ക്രഷര്‍ എന്ന പേരില്‍ സ്വന്തമായി സ്ഥാപനമുണ്ടെന്നും ഇതില്‍ പത്ത് ശതമാനം ഓഹരി നൽകാമെന്നും പറഞ്ഞാണ് പ്രവാസിയില്‍ നിന്ന് അന്‍വര്‍ പണം വാങ്ങിയത്. ഇടപാടിന് പിന്നിലെ തട്ടിപ്പ് മനസിലായതോടെ പ്രവാസി പൊലീസിൽ പരാതി നൽകി. എന്നാല്‍ പിന്നീട് രാഷ്ട്രീയസമ്മർദം മൂലം മഞ്ചേരി പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയിലാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

മഞ്ചേരി സിഐയിൽ നിന്ന് കേസ് ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറുകയും ചെയ്തു. ഇതിനെതിരെ അന്‍വര്‍ പുനപരിശോധന ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *