താനൂരിലെ മത്സ്യതൊഴിലാളിയുടെ കൊലപാതകം: ഭാര്യ കസ്റ്റഡിയിൽ

മലപ്പുറം: താനൂരില്‍ മത്സ്യതൊഴിലാളിയെ തലക്കടിച്ചും കഴുത്തറത്തും കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയും കാമുകനും ചേര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തി.ഭര്‍ത്താവിനെ ഒഴിവാക്കി കാമുകന്‍റെ കൂടെ ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഭാര്യ സൗജത്ത് പൊലീസിനോട് സമ്മതിച്ചു.മുഖ്യപ്രതിയായ താനൂര്‍ തെയ്യാല സ്വദേശി അബ്ദുള്‍ ബഷീറിനുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഇന്നലെ പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മത്സ്യതൊഴിലാളിയായ സവാദ് കൊല്ലപെട്ടത്.കൊലപാതകം അറിഞ്ഞില്ലെന്ന് വീട്ടിലുണ്ടായിരുന്ന ഭാര്യ സൗജത്ത് പൊലീസിനോട് പറഞ്ഞിരുന്നു.ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യം തെളിഞ്ഞത്.കാമുകൻ അബ്ദുള്‍ ബഷീറാണ് സവാദിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കിയതെന്ന്  സൗജത്ത് പൊലീസിനോട് പറഞ്ഞു.കൂടെ കിടന്നുറങ്ങിയിരുന്ന മകള്‍ ശബ്ദം കേട്ട് നിലവിളിച്ചപ്പോള്‍ കുട്ടിയെ മുറിക്കുള്ളിലാക്കി കത്തിയെടുത്ത് കഴുത്തറത്ത് മരണം സൗജത്ത് ഉറപ്പിച്ചു.വിദേശത്തായിരുന്ന അബ്ദുള്‍ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും സൗജത്ത് പൊലീസിനോട് സമ്മതിച്ചു.

മുഖ്യപ്രതി അബ്ദുള്‍ ബഷീര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.സൗജത്തിനേയും കൊലപാതകത്തിന് വാഹനം വിട്ടുകൊടുത്ത ബഷീറിന്‍റെ സുഹൃത്ത് സൂഫിയാനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കാസര്‍കോഡ് വച്ചാണ് സൂഫിയാനെ കസ്റ്റഡിയിലെടുത്തത്.കസ്റ്റഡിയിലുള്ള സൗജത്തിനെ കാണാൻ നിരവധി ആളുകള്‍ താനൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി.

Leave a Reply

Your email address will not be published. Required fields are marked *