ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ജ്വല്ലറികളില്‍ നിന്ന് മോഷണം: പൊലീസിനെ കറക്കി വനിതാ സംഘം

തിരുവനന്തപുരം: ജ്വല്ലറികളിൽ നിന്നും  ജീവനക്കാരെ കബളിപ്പിച്ച് സ്വർണം കവരുന്ന വനിതാ സംഘം പോലീസിനെ വട്ടം കറക്കുന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് വ്യക്തമായിട്ടും പൊലീസിന് ഇവരെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെയാണ് മാന്യമായി വേഷം ധരിച്ചെത്തിയ രണ്ടു സ്ത്രീകള്‍ ജീവനക്കാരെ പറ്റിച്ച് ആഭരണങ്ങളുമായി കടന്നു കളഞ്ഞത്.

നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന തൃശൂർ ഫാഷൻ ജ്വല്ലറിയിലാണ് മോഷണം നടന്നത്.  രണ്ടു പവന്റെ വളകള്‍ ചോദിച്ചെത്തിയ വനിതകള്‍ നാലുവളകളാണ് തന്ത്രപരമായി മോഷ്ടിച്ചത്. രണ്ടു പവന്റെ വളകള്‍ ചോദിച്ചെത്തിയ സംഘം ഒരു പവന്റെ വളകള്‍ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ വളകള്‍ നിലത്തു വീഴ്ത്തിയ സ്ത്രീകള്‍ ജീവനക്കാരന്‍ അതെടുക്കാനായി കുനിഞ്ഞ സമയത്താണ് മോഷണം നടത്തിയത്.  പിന്നീട് വളകള്‍ സമ്മാനം നല്‍കാനാണെന്നും അളവിന്റെ കാര്യത്തില്‍ സംശയമുണ്ടെന്നും പിന്നീട് വരാമെന്നു പറഞ്ഞ് സ്ഥലം വിടുകയായിരുന്നു.

ഇവരെ കാണിക്കാനായി കൊണ്ടുവന്ന വളകള്‍ വച്ചിരുന്ന ട്രേയില്‍ കൂടുതല്‍ വളകള്‍ ഉണ്ടായിരുന്നതിനാല്‍ മോഷണം പോയത് ആരും ശ്രദ്ധിച്ചില്ല. വൈകുന്നേരം കണക്കെടുക്കുമ്പോളാണ് വളകളുടെ എണ്ണം കുറവുള്ളതായി കണ്ട് സിസിടിവി ദൃശ്യങ്ങള്‍ നോക്കിയപ്പോഴാണ് മോഷണം ശ്രദ്ധിക്കുന്നത്. ഈ മാസം 13 ന് വെള്ളായണിലെ ജ്വല്ലറിയില്‍ നിന്ന് 58 ഗ്രാ൦ തൂക്കമുള്ള വളകള്‍ കളവുപോയതിനു പിന്നിൽ ഈ സംഘമായിരുന്നെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *