ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രണ്ടു കോടി രൂപയുടെ കുഴല്‍പ്പണവുമായി അഞ്ചുപേരെ പിടികൂടി

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രണ്ടു കോടി രൂപയുടെ കുഴല്‍പ്പണവുമായി കൊല്ലം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ റെയില്‍വേ സംരക്ഷണ സേന പിടികൂടി. കൊല്ലം കച്ചേരി ഹൈസ്‌കൂള്‍ ജംക്ഷന്‍ സ്വദേശികളായ സുരേന്ദ്രന്‍, വിവേക്, മഹാരാഷ്ട്രക്കാരായ പ്രമോദ്, പതംസിങ്, കര്‍ണാടകയില്‍നിന്നുള്ള പ്രഭാകര്‍ എന്നിവരാണു കുഴല്‍പ്പണക്കടത്തു സംഘത്തിലുണ്ടായിരുന്നത്.
രണ്ടുകോടി അഞ്ചു ലക്ഷത്തി നാല്‍പത്തിയൊന്നായിരത്തി അഞ്ഞൂറു രൂപയുടെ കുഴല്‍പ്പണം ഇവരില്‍നിന്നു പിടികൂടി. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. പ്രത്യേക അറകള്‍ ഉള്ള പുറംചട്ടയുള്ള വസ്ത്രം ധരിച്ച് അതിനുള്ളിലാണു പണം സൂക്ഷിച്ചിരുന്നത്. പുറമേ നിന്നു നോക്കിയാല്‍ തിരിച്ചറിയാനാകില്ല. റെയില്‍വേ സംരക്ഷണസേനയും ഇന്റലിജന്‍സ് വിഭാഗവും അഞ്ചു പേരെയും കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണു കള്ളക്കടത്തിന്റെ ചുരുളഴിഞ്ഞത്.
റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ പിടികൂടിയതെങ്കിലും ഇന്‍ഡോര്‍ അഹല്യ ഗിരി ട്രെയിനിലാണ് സംഘം എത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കേസ് അന്വേഷിക്കും. പണത്തിന്റെ ഉറവിടവും കേരളത്തിലെ ഇടപാടുമാണ് ഇനി പുറത്തു വരാനുള്ളത്. പിടിയിലായവര്‍ ഇടനിലക്കാരാണെങ്കിലും പതിവായി കുഴല്‍പ്പണക്കടത്തിലെ പ്രധാനികളാണെന്നാണു സൂചന.

Leave a Reply

Your email address will not be published. Required fields are marked *