സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിശ്വാസിസമൂഹത്തെ ഒന്നടങ്കം വഞ്ചിച്ചിരിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിശ്വാസിസമൂഹത്തെ ഒന്നടങ്കം വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് .ശ്രീധരന്‍ പിള്ള. സുപ്രീം കോടതിയില്‍ സര്‍ക്കാരും ബോര്‍ഡും സ്വീകരിച്ച നിലപാട് ഈ കൊടുംവഞ്ചന പുറത്തു കൊണ്ടു വന്നിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.

ശബരിമല പ്രശ്‌നത്തിന്റെ തുടക്കം മുതല്‍ തന്നെ ഇടതു സര്‍ക്കാര്‍ ക്ഷേത്രങ്ങളും ക്ഷേത്രവിശ്വാസവും തകര്‍ക്കുകയെന്ന സിപിഎം പരിപാടി നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. സുപ്രീം കോടതി വിധി ഒരു മറയാക്കി ഉപയോഗിക്കുകയാണെന്ന് ബിജെപി തുറന്നു കാട്ടി. ബിജെപി പറഞ്ഞതൊക്കെ ശരിവയ്ക്കുന്നതാണു സംസ്ഥാനസര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ കൈക്കൊണ്ട നിലപാട്. യുവതീപ്രവേശത്തിനുള്ള വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന നിലപാടാണു സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും. ക്ഷേത്രവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ദേവസ്വം ബോര്‍ഡ് മുന്‍ നിലപാടിനു വിരുദ്ധമായി ഇപ്പോള്‍ ആചാരലംഘനത്തിന് അനുകൂലമായ അഭിപ്രായമാണു കൈക്കൊണ്ടിട്ടുള്ളത്.

ക്ഷേത്രങ്ങള്‍ തകര്‍ക്കുകയെന്ന സിപിഎമ്മിന്റെ ഗൂഢപദ്ധതി നടപ്പാക്കുന്നതിനു കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും കയ്യിലെ ചട്ടുകമായി മാറിയ ദേവസ്വം ബോര്‍ഡ്. വിശ്വാസികളോടുള്ള വെല്ലുവിളിയാണിത്. മന്ത്രിസഭയാകട്ടെ അവിശ്വാസികളുടെ മാത്രമല്ല വിശ്വാസികളുടെ കൂടി മന്ത്രിസഭയാണെന്ന വസ്തുത മറന്നു പോവുകയോ മറച്ചു വയ്ക്കുകയോ ആണു ചെയ്യുന്നത്. കോടാനുകോടി ഭക്തജനങ്ങളുടെ വികാരവും വേദനയും അവഗണിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ കൈക്കൊണ്ട ക്ഷേത്രവിരുദ്ധ-വിശ്വാസവിരുദ്ധ നിലപാടിനു കേരളജനത പിണറായി സര്‍ക്കാരിനോടും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടും എണ്ണിയെണ്ണി കണക്കു ചോദിക്കുമെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *