ആറ്റുകാല്‍ പൊങ്കാല 20ന്

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 12 ന് തുടങ്ങി 21ന് അവസാനിക്കും. ഒന്നാം ഉത്സവ ദിവസമായ 12നു രാത്രി 10.20ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവ പരിപാടികള്‍ക്കു തുടക്കം കുറിക്കുന്നത്. കലാ പരിപാടികള്‍ നടന്‍ മമ്മൂട്ടി 12 ന് വൈകുന്നേരം 6.30 ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ തിരുവനന്തപുരത്ത് പത്രമ്മേളനത്തില്‍ അറിയിച്ചു.

ആറ്റുകാല്‍ അംബാ പുരസ്‌കാരം പദ്മശ്രീ ഡോക്ടര്‍ എം.ആര്‍ രാജഗോപാലിന് നല്‍കി ട്രസ്റ്റ് ആദരിക്കും. ഫെബ്രുവരി 20നാണ് ആറ്റുകാല്‍ പൊങ്കാല. രാവിലെ 10.15ന് പണ്ടാര അടുപ്പില്‍ തീ കത്തിക്കും. പൊങ്കാല നിവേദിക്കുന്നത് ഉച്ചയ്ക്ക് 2.15ന്. രാത്രി 7.30 ന് കുത്തിയോട്ടം, ചൂരല്‍ക്കുത്തു. രാത്രി 11.15 ന് പുറത്തെഴുന്നള്ളിപ്പ്.ഇക്കുറി ആറ്റുകാല്‍ അമ്മയുടെ തിടമ്പേറ്റുന്നത് ചെര്‍പ്പുളശ്ശേരി അനന്ത പദ്മനാഭന്‍ എന്ന ഗജവീരനാണ്. പത്താം ഉത്സവ ദിവസമായ ഫെബ്രുവരി 21ന് രാവിലെ 8ന് അകത്തെഴുന്നള്ളിപ്പ്, രാത്രി 9.15ന് കാപ്പഴിപ്പ്, രാത്രി 12.15ന് ഗുരുസിദര്‍പ്പണത്തോടെ പൊങ്കാല മഹോത്സവം സമാപിക്കും. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഇക്കുറി ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു അന്നദാന സദ്യ ത്യ്യാറാക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *