മമതാ ബാനര്‍ജി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്നു പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് ബിജെപിയോടുള്ള സ്‌നേഹം കണ്ട് മമതാ ബാനര്‍ജി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്നു പ്രധാനമന്ത്രി ആരോപിച്ചു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിലൂടെ രാഷ്ട്രീയ എതിരാളികള്‍ കര്‍ഷകരെ തെറ്റായ വഴിക്കു നയിക്കുകയാണെന്നും മോദി ബംഗാളിലെ താക്കൂര്‍നഗറില്‍ നടന്ന റാലിയില്‍ ആരോപിച്ചു

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കി. മമതാ ബാനര്‍ജിയും അവരുടെ പാര്‍ട്ടിയും എന്തുകൊണ്ട് അക്രമമുണ്ടാക്കുന്നുവെന്നും നിരപരാധികളെ കൊല്ലുന്നുവെന്നും ഇപ്പോള്‍ എനിക്കു മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങള്‍ക്കു ഞങ്ങളോടുള്ള സ്‌നേഹം കണ്ട് അവര്‍ പരിഭ്രമിച്ചിരിക്കുകയാണ്. 12 കോടി ചെറുകിട കര്‍ഷകര്‍, 30-40 കോടി തൊഴിലാളികള്‍, മൂന്നു കോടി ഇടത്തരക്കാര്‍ എന്നിവര്‍ക്കു ഗുണം ലഭിക്കുന്ന നടപടികളാണു കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്രത്തിനു ശേഷം അവഗണിക്കപ്പെട്ട ജനങ്ങള്‍ക്കു വേണ്ടിയുള്ള തീരുമാനം ചരിത്രപരമായ നീക്കമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *