രാമക്ഷേത്ര വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാടു വ്യക്തമാക്കണമെന്ന് അമിത് ഷാ

ലക്‌നൗ: രാമക്ഷേത്ര വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാടു വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാമക്ഷേത്രം അതേസ്ഥലത്തു തന്നെ നിര്‍മിക്കുമെന്നും അമിത് ഷാ പറഞ്ഞു. എസ്പി, ബിഎസ്പി സഖ്യത്തെയും അദ്ദേഹം വിമര്‍ശിച്ചു. ഉത്തര്‍ പ്രദേശിലെ അംറോഹയില്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണു രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമിത് ഷാ ആഞ്ഞടിച്ചത്.

രാമക്ഷേത്രം അതേസ്ഥലത്തു നിര്‍മിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. എന്‍ഡിഎ സര്‍ക്കാര്‍ രാമക്ഷേത്രത്തിനു വേണ്ടി പരിശ്രമിക്കുമ്പോള്‍ യുപിഎ സര്‍ക്കാര്‍ ക്ഷേത്ര നിര്‍മാണം തടസ്സപ്പെടുത്തുന്ന സമീപനമാണു സ്വീകരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നത് ബിജെപിക്ക് എത്രമാത്രം ശക്തിയുണ്ടെന്നു തെളിയിക്കുന്നതാണ്. സഖ്യത്തിലെ നേതാക്കള്‍ രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ വിജയമായിരിക്കും ബിജെപിക്കു ലഭിക്കുക. ഉത്തര്‍പ്രദേശിലെ എല്ലാ മേഖലകളും എനിക്കു നന്നായി അറിയാം. കഴിഞ്ഞ പ്രാവശ്യത്തിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള നേതാക്കളെയാണ് ഇന്ത്യയ്ക്ക് ആവശ്യം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണിത്. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനും വികസനം കൊണ്ടുവരുന്നതിനും ശേഷിയുള്ള ഒരു നേതാവിനെയാണ് ആവശ്യം. ബിജെപിയോടൊപ്പമാണ് ആ നേതാവുള്ളത്. നരേന്ദ്ര മോദിയാണത്. ഇത് മൗനി ബാബയുടെ സര്‍ക്കാരല്ല. രാജ്യത്തെ സൈനികര്‍ക്കു വേണ്ടി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി പകരം ചോദിച്ചത് മോദിജിയുടെ സര്‍ക്കാരാണ്. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് രാജ്യത്തെ മികച്ച സംസ്ഥാനമാണ്. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ പ്രതിപക്ഷവും രാഹുല്‍ ഗാന്ധിയും ഞെട്ടിയിരിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *