മകരവിളക്ക് രഹസ്യം ചരിത്രപരമായ നാഴികക്കല്ലാണെന്നും സത്യാവസ്ഥ പുറത്തുവരട്ടെയെന്നും സ്പീക്കര്‍

തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിന് മലയരയര്‍ക്ക് നഷ്ടപ്പെട്ട അവകാശം പുന:സ്ഥാപിക്കണമെന്ന ഒ.രാജഗോപാലിന്റ ശ്രദ്ധക്ഷണിക്കല്‍, ക്രമപ്രശ്‌നങ്ങളും വിശദീകരണവുമായി സഭയില്‍ ചര്‍ച്ചയായി മാറി. ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കാന്‍ രാജഗോപാല്‍ എഴുന്നേറ്റയുടന്‍, മന്ത്രി എ.കെ.ബാലന്‍ ക്രമപ്രശ്‌നമുന്നയിച്ചു. മകരവിളക്ക് തെളിയിക്കുന്നത് ആരാണെന്ന് ഇതുവരെ കാത്തുസൂക്ഷിച്ച രഹസ്യം ആദ്യമായി ഔദ്യോഗികമായി വെളിപ്പെടാന്‍ പോവുകയാണെന്നും ഇതിലെ അപകടം മനസിലാക്കിയാണോ സ്പീക്കര്‍ ശ്രദ്ധക്ഷണിക്കല്‍ അനുവദിച്ചതെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഇത് അപകടമല്ല, ചരിത്രപരമായ നാഴികക്കല്ലാണെന്നും സത്യാവസ്ഥ പുറത്തുവരട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു. മകരവിളക്കിനിടെ തിക്കും തിരക്കും കാരണം ആളുകള്‍ മരിച്ച സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരണമെന്ന് സുഗതകുമാരി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.ടി.തോമസും ക്രമപ്രശ്‌നം ഉന്നയിച്ചു.
അനാവശ്യ വിവാദം വേണ്ടെന്നും മകരവിളക്ക് ചിലര്‍ കൊളുത്തുന്നതാണെന്നത് വസ്തുതയാണെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. പരമ്പരാഗതമായി ആദിവാസികളാണ് അത് ചെയ്തു വന്നിരുന്നത്. പിന്നിട് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഔദ്യോഗികമായി ഏറ്റെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പോയി തെളിയിക്കുന്നത്. പരമ്പരാഗതമായുള്ള അവകാശം മലയരയര്‍ക്ക് തിരിച്ചു നല്‍കണമെന്നും അദേഹം ആവശ്യപ്പെട്ടു. പുരാതനകാലം മുതല്‍ ശബരിമല അടക്കം 18മലകളിലെയും താമസക്കാരായ മലഅരയര്‍ മകരവിളക്ക് തെളിയിക്കുന്നതായും ശബരിമലയിലെ പ്രതിഷ്ഠയില്‍ തേനഭിഷേകം നടത്തുന്നയായും മലഅരയ സഭകളുടെ നിവേദത്തിലുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കി. മകരസംക്രാന്തിക്കടക്കം പൊന്നമ്പലമേട്ടിലെ ക്ഷേത്രത്തില്‍ നിത്യപൂജയുണ്ടായിരുന്നെന്ന് ഹൈക്കോടതി ഉത്തരവിലുമുണ്ട്. കാലക്രമേണ ആദിവാസികളെ ഒഴിപ്പിച്ചു. മലഅരയ വിഭാഗത്തിന് മുഖ്യപങ്കുണ്ടായിരുന്നെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. മകരവിളക്ക് തെളിയിക്കുന്നതില്‍ മലഅരയരുടെ പ്രാതിനിധ്യം സംബന്ധിച്ച് കോടതി വിധികളും നിവേദനങ്ങളും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. മകരവിളക്കും മകരജ്യോതിയും രണ്ടാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. മകരവിളക്ക് ദീപമാണ്, മകരജ്യോതിയെന്നത് നക്ഷത്രമാണ് അദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *