പ്രതികളെ ഹാജരാക്കാന്‍ വൈകി; പ്രതികള്‍ക്കൊപ്പം പോലീസിനെയും പ്രതിക്കൂട്ടില്‍ കയറ്റി

തിരുവനന്തപുരം: പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ രണ്ട് മിനിറ്റ് വൈകി മജിസ്‌ട്രേറ്റ് പ്രതികള്‍ക്കൊപ്പം പോലീസിനെയും പ്രതിക്കൂട്ടില്‍ കയറ്റി. മാത്രമല്ല പോലീസുകാരുടെ ബെല്‍റ്റും തൊപ്പിയും അഴിപ്പിക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്.

പ്രതികളെ ഹാജരാക്കേണ്ടിയിരുന്ന കോടതി അവധിയായതിനാലാണ് മറ്റൊരു കോടതിയില്‍ ഹാജരാക്കാന്‍ പ്രതികളെ കൊണ്ടു പോകുന്നത്. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് സെന്‍ട്രല്‍ ജയിലിലെ നാല് പ്രതികളെ ഹാജരാക്കേണ്ടിയിരുന്നത്. എന്നാല്‍ മൂന്നാം കോടതിയിലെ മജിസ്‌ട്രേറ്റ് ആനി വര്‍ഗീസ് അവധിയിലായതിനാല്‍ കേസ് രണ്ടിലേയ്ക്ക് മാറ്റുകയായിരുന്നു. പോലീസുകാരോട് പ്രതികളുമായി രണ്ടാം കോടതിയില്‍ എത്താന്‍ പറയുകയും ചെയ്തു.

താഴത്തെ നിലയില്‍ നിന്നും പ്രതികളുമായി പോലീസുകാര്‍ രണ്ടാം നിലയില്‍ എത്തിയപ്പോഴേയ്ക്കും മജിസ്‌ട്രേറ്റ് കേസ് വിളിച്ചിരുന്നു. അപ്പോഴേക്കും രണ്ട് മിനിറ്റ് വൈകിയിരുന്നു. ക്ഷുഭിതനായ മജിസ്‌ട്രേറ്റ് പോലീസുകാരെ പ്രതിക്കൂട്ടിലാക്കി. വൈകിയതിന് റിമാന്‍ഡ് ചെയ്യുമെന്നും പറഞ്ഞു.

പിന്നീട് പോലീസുകാര്‍ വൈകാനുണ്ടായ സാഹചര്യം വ്യക്തമാക്കിയതിന് ശേഷമാണ് പോകാന്‍ അനുവദിച്ചത്.

അതേസമയം, പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തിയ നടപടിക്കെതിരെ പോലീസുകര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *