ജനപ്രിയ ബജറ്റുമായി മോദി സര്‍ക്കാര്‍; കര്‍ഷകര്‍ക്ക് കാശ് ബാങ്കില്‍; ആദായനികുതി പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി.

ന്യൂഡല്‍ഹി : പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ജനപ്രിയ ബജറ്റുമായി മോദി സര്‍ക്കാര്‍. ആദായനികുതി പരിധി 2.5 ലക്ഷത്തില്‍നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തി. ഈ വര്‍ഷം നിലവിലെ നിരക്ക് തുടരും. റിബേറ്റ് പിന്നീടെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 50000 രൂപയാക്കി ഉയര്‍ത്തി. ഇളവുകള്‍ ചേരുമ്പോള്‍ ഫലത്തില്‍ പരിധി 6.5 ലക്ഷമായി ഉയരും. മൂന്നു കോടി ആളുകള്‍ക്ക് 18,000 കോടി രൂപയുടെ ഗുണമുണ്ടാകും. 40000 രൂപ വരെയുള്ള ബാങ്ക്, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങള്‍ക്ക് ടിഡിഎസ് ഇല്ല. വാടകയ്ക്ക് 2.4 ലക്ഷം രൂപ വരെ ടിഡിഎസ് ഉണ്ടാകില്ല.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി മെഗാ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3000 രൂപ വരെ പെന്‍ഷന്‍ കിട്ടുന്ന പദ്ധതിയാണിത്. 15000 രൂപ വരെ മാസവരുമാനമുള്ളവര്‍ക്കു ഗുണം ലഭിക്കും. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ഇതു പ്രാബല്യത്തില്‍ വരും. പ്രതിമാസം 100 രൂപയാണു വിഹിതമായി അടയ്ക്കേണ്ടത്. ഇത്രയും തുക തന്നെ കേന്ദ്രസര്‍ക്കാരും നിക്ഷേപിക്കുമെന്നു ധനമന്ത്രി പറഞ്ഞു. ഇഎസ്ഐ പരിധി 21000 രൂപയായി ഉയര്‍ത്തി.

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നേരിട്ടു നല്‍കുന്ന പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതി പ്രഖ്യാപിച്ചു. നൂറുശതമാനം ബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് സഹായം നല്‍കുന്നത്. 2018 ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാവും പദ്ധതി നടപ്പാക്കുക. ഇതിനായി ബജറ്റില്‍ 75,000 കോടി രൂപ വകയിരുത്തി. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കു 3 ശതമാനം പലിശയിളവു നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *