മോദിക്ക് ഇപ്പോഴും സംഘപരിവാര്‍ പ്രചാരകന്റെ മനസ്സാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇടതുസര്‍ക്കാര്‍ കേരളത്തിന്റെ സംസ്‌കാരം തകര്‍ക്കുന്നുവെന്നു വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം തകര്‍ക്കുന്നതിനു കൂട്ടുനില്‍ക്കുന്നയാളാണു കേരള സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. മോദിക്ക് ഇപ്പോഴും സംഘപരിവാര്‍ പ്രചാരകന്റെ മനസ്സാണ്. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

റംസാന്‍ നോമ്പുതുറയ്ക്കായി വീട്ടിലേക്കു ട്രെയിനില്‍ പോയ സഹോദരങ്ങളെ ഒരുകൂട്ടമാളുകള്‍ ആക്രമിച്ചു. സഹോദരങ്ങളില്‍ ഏറ്റവും ഇളയവനെ കൊന്ന് പുറത്തേക്കു വലിച്ചെറിഞ്ഞു. ഒരു വിഭാഗം ആളുകളെ, ഒരു കുറ്റവും ചെയ്യാത്ത ചെറുപ്പക്കാരെ കൊല ചെയ്യുന്നവര്‍ക്കു സംഘപരിവാര്‍ സംരക്ഷണം കൊടുത്തു. എങ്ങനെയെല്ലാം അവരെ സംഘപരിവാര്‍ സംരക്ഷിച്ചുവെന്നു രാജ്യത്തിന് അറിയാവുന്നതാണ്. ഭക്ഷണത്തിന്റെ പേരിലും പശുവിന്റെ പേരിലും മനുഷ്യരെ കൊല്ലുന്നു.
ഈ മാനസികാവസ്ഥയിലേക്കു രാജ്യത്തെ ചെറുപ്പക്കാരെ എത്തിച്ചതു സംഘപരിവാറാണ്. പ്രധാനമന്ത്രിയുടെ അനുയായികളാണു രാജ്യത്തിന്റെ സംസ്‌കാരം തകര്‍ക്കുന്നത്. ആ അതിക്രമങ്ങളെയാണു പ്രധാനമന്ത്രി എതിര്‍ക്കേണ്ടത്. ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവിനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ കേരളത്തില്‍ നടക്കില്ല എന്ന നിരാശയാണു മോദിയുടെ വിമര്‍ശനത്തിനു കാരണം. രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ശരിയായി നിറവേറ്റിയോ എന്നു മോദി ആത്മപരിശോധന നടത്തണം- പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *