ജനുവരിമാസത്തെ ശമ്പളം കെഎസ്ആര്‍ടിസി വരുമാനത്തില്‍ നിന്നും നല്‍കും

തിരുവനന്തപുരം: കാല്‍ നൂറ്റാണ്ടിന് ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസി ഒരുങ്ങുന്നു. സര്‍ക്കാര്‍ സഹായമോ ബാങ്ക് ലോണോ എടുക്കാതെ ഈ മാസത്തെ ശമ്പളം നല്‍കാനാണ് കെഎസ്ആര്‍ടിസി തയ്യാറാകുന്നത്. ശമ്പളം നല്‍കാന്‍ ശബരിമലയിലേക്ക് നടത്തിയ സര്‍വീസുകളാണ് കെഎസ്ആര്‍ടിസിയെ ഈ മാസം സഹായിച്ചത്.

ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസി ഒരുങ്ങുകയാണ്. ശബരിമലയിലേക്ക് നടത്തിയ സര്‍വീസുകളാണ് കെഎസ്ആര്‍ടിസിയെ ഈ മാസം തുണച്ചത്. 45.2 കോടി രൂപയുടെ വരുമാനം ശബരിമല സര്‍വീസില്‍ നിന്നും ലഭിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 30 കോടി രൂപയുടെ വര്‍ദ്ധനവ് ഇത്തവണ ഉണ്ടായി. ഇതും ഈ മാസം ശമ്പളം നല്‍കാനായി സ്വയം പണം കണ്ടെത്തുന്നതിന് സഹായകമായി.

31270 സ്ഥിരം ജീവനക്കാരും 3926 എംപാനല്‍ താത്കാലിക ജീവനക്കാരുമാണ് കോര്‍പ്പറേഷനില്‍ ഉള്ളത്. ഒരുമാസം 90 കോടി രൂപയുടെ ശമ്പളവും അലവന്‍സും നല്‍കേണ്ടി വരും. ഇരുപത്തിയഞ്ച് വര്‍ഷമായി നടന്നുവന്ന ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കി സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നിലവില്‍ വന്നത് വരുമാനം വര്‍ദ്ധിപ്പിച്ചെന്നും 30 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയെന്നുമാണ് കെഎസ് ആര്‍ടിസി മാനേജ് മെന്റിന്റെ റിപ്പോര്‍ട്ട്.

അദര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 613 കണ്ടക്ടര്‍, ഡ്രൈവര്‍മാരെ സര്‍വീസ് ഓപ്പറേഷന്‍സിനായി മാറ്റിയതിലൂടെ 55.95 കോടി രൂപ ജോലി ലാഭം ഉണ്ടായെന്നും കെഎസ്ആര്‍ടിസി വിലയിരുത്തുന്നുണ്ട്. ഡ്രൈവര്‍ കം കണ്ടക്ടര്‍ നടപ്പിലാക്കിയതും നേട്ടമെന്നാണ് വിലയിരുത്തല്‍. പരസ്യ ഇനത്തിലും വരുമാനം വര്‍ദ്ധിച്ചത് കെഎസ്ആടിസിയുടെ നേട്ടമാണ്. മുന്‍വര്‍ഷം 69.62 കോടി രൂപ പരസ്യ ഇനത്തില്‍ ലഭിച്ചെങ്കില്‍ ഇത്തവണ 189.98 കോടി രൂപയുടെ നേട്ടം പരസ്യ വരുമാനത്തിലൂടെ കൈവരിച്ചു.

ഇന്ധനക്ഷമത കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിപ്പിച്ചതും ബസ് സ്റ്റാഫ് ജീവനക്കാരുടെ അനുപാതം 9ല്‍ നിന്ന് ഇപ്പോള്‍ 6.78 ആയി കുറയ്ക്കാന്‍ കഴിഞ്ഞതും നേട്ടത്തിന്റെ പട്ടികയില്‍പ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *