ബി.ഡി.ജെ.എസിനു ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാലു സീറ്റുകള്‍ നല്‍കിയാല്‍ മതിയെന്ന് ബി.ജെ.പി

തൃശൂര്‍: കേരളത്തില്‍ എന്‍.ഡി.എയിലെ രണ്ടാമത്തെ ഘടകകക്ഷിയായ ബി.ഡി.ജെ.എസിനു ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാലു സീറ്റുകള്‍ നല്‍കിയാല്‍ മതിയെന്ന് ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തില്‍ ധാരണയായി. സീറ്റുകള്‍ ഏതൊക്കെയെന്ന് അടുത്ത എന്‍.ഡി.എ യോഗം തീരുമാനിക്കും.
എട്ട് സീറ്റാണ് ബി.ഡി.ജെ.എസ് ചോദിച്ചത്. ആറു സീറ്റുകള്‍ നല്‍കാമെന്ന ശ്രീധരന്‍ പിള്ളയുടെ നിലപാടിനെ പലരും എതിര്‍ത്തു. എട്ട് സീറ്റ് ചോദിച്ചതു തന്നെ അധികപ്രസംഗമാണെന്നും ബി.ജെ.പിക്ക് ജയസാദ്ധ്യതയുള്ള സീറ്റുകള്‍ നല്‍കാനാകില്ലെന്നും ചില നേതാക്കള്‍ നിലപാടെടുത്തു. ബി.ഡി.ജെ.എസിന് സീറ്റുകള്‍ അനുവദിച്ചശേഷമേ ബി.ജെ.പിയുടെ സീറ്റുകള്‍ തീരുമാനിക്കൂ. കൊല്ലം അടക്കമുള്ള സീറ്റുകളാണ് ബി.ഡി.ജെ.എസ് ചോദിച്ചതെന്നാണ് അറിയുന്നത്. ബി.ജെ.പിയുടെ തീരുമാനം അടുത്ത എന്‍.ഡി.എ യോഗത്തില്‍ ഘടകകക്ഷികളെ അറിയിക്കും.
ടി.പി. സെന്‍കുമാര്‍, സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍ എന്നിവരെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. എന്‍.എസ്.എസിനു കൂടി സ്വീകാര്യരായ രണ്ടുപേര്‍ രംഗത്തുണ്ടായേക്കും.
ലോക്സഭാ സ്ഥാനാര്‍ത്ഥി ചര്‍ച്ചയും ശബരിമല വിഷയവും രൂക്ഷമായ ചര്‍ച്ചയ്ക്ക് വഴിവച്ച യോഗത്തില്‍ ബി.ഡി.ജെ.എസുമായുള്ള സഖ്യം സംബന്ധിച്ചും വിരുദ്ധ നിലപാടുകളുണ്ടായി.

സെക്രട്ടേറിയറ്റിനു മുന്നിലെ സമരം വേണ്ടത്ര വിജയിച്ചില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. ശബരിമല സമരത്തെ ചൊല്ലി കൃഷ്ണദാസ്, മുരളീധര പക്ഷങ്ങള്‍ തമ്മില്‍ യോഗത്തില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായി. സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം അനാവശ്യമായിരുന്നുവെന്നും പാര്‍ട്ടിയെ ഈ സമരം അപഹാസ്യപ്പെടുത്തിയെന്നും വി. മുരളീധരനെ അനുകൂലിക്കുന്നവര്‍ പറഞ്ഞു. എന്നാല്‍ സമരം വന്‍വിജയമായിരുന്നുവെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും പി.കെ. കൃഷ്ണദാസ് പക്ഷവും അഭിപ്രായപ്പെട്ടു
ഒരു വിഭാഗം നേതാക്കള്‍ സമരത്തോട് നിസഹകരിച്ചെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ ആരോപണം. ശ്രീധരന്‍ പിള്ളയുടെ നിലപാടുകളെ വി. മുരളീധരന്‍ പക്ഷം ശക്തമായി വിമര്‍ശിച്ചു. നേതാക്കളായ പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍, കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍ ഡി.എല്‍. സന്തോഷ്, എച്ച്. രാജ, എല്‍. ഗണേശ്, കെ. സുഭാഷ്, എന്നിവര്‍ പങ്കെടുത്തു. ആന്ധ്രയില്‍ ആയതിനാല്‍ വി. മുരളീധരന്‍ എം.പി പങ്കെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *