നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം

തിരുവനന്തപുരം: ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കമാകും.ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചേരുന്ന സഭാ സമ്മേളനത്തില്‍ രാഷ്ട്രീയ വിഷയങ്ങള്‍ക്കാകും മുന്‍തൂക്കം നല്‍കുക.

ഒന്‍പതു ദിവസം നീളുന്ന സമ്മേളനം വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി ഫെബ്രുവരി ഏഴിന് പിരിയും.ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാം എന്നിരിക്കെ നിയമസഭ ഇത്തവണ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയും. മാര്‍ച്ച് 30ന് മുമ്പ് സമ്പൂര്‍ണ്ണ ബഡ്ജറ്റ് പാസാക്കാന്‍ സാധ്യമല്ലാത്തതിനാലാണിത്.ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനും ബജറ്റിനും പ്രളയ പുനര്‍നിര്‍മാണത്തിനുമാണ് ഈ സമ്മേളന കാലയളവില്‍ മുന്‍തൂക്കം ലഭിക്കുക.

അതേസമയം, ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ കുഴപ്പിക്കും.സര്‍ക്കാരിന്റെ നവോത്ഥാന പരിപാടികള്‍ സഭാ സമ്മേളനത്തില്‍ ഉടനീളം ഉയര്‍ന്നുവരും. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് തന്നെയാകും ഈ സമ്മേളനം സാക്ഷ്യം വഹിക്കുക.
പ്രളയാനന്തര പുനര്‍നിര്‍മാണത്തിലും വികസന പദ്ധതികളിലും ഊന്നിനിന്നുകൊണ്ട് മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ശ്രമിച്ചാലും പ്രതിപക്ഷം ശബരിമല വിഷയത്തില്‍ മാത്രമല്ല പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നു എന്ന വിമര്‍ശനവും ഉയര്‍ത്തും. മാത്രമല്ല ശബരിമലയില്‍ ആചാര ലംഘനം നടത്തിയ യുവതികളുടെ പട്ടിക എന്നതരത്തില്‍ സര്‍ക്കാര്‍ പ്രചരിപ്പിച്ച തെറ്റായ വിവരങ്ങളും സഭയില്‍ ചോദ്യം ചെയ്യപ്പെടും .

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മൂന്നുദിവസവും ബജറ്റിന് മേലുള്ള ചര്‍ച്ചയ്ക്ക് മൂന്ന് ദിവസവുമാണ് മാറ്റിവെച്ചിരിക്കുന്നത്.വരുംദിവസങ്ങളില്‍ രാഷ്ട്രീയ കേരളത്തിന് ശ്രദ്ധ മുഴുവന്‍ നിയമസഭയിലേക്ക് തിരിയും എന്നതില്‍ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *