കോടിയേരി ബാലകൃഷ്ണനെതിരെ ഫിറോസ്‌

കോഴിക്കോട്: സിപിഎം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരപുത്രനും സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം ദാമോദരന്‍നായരുടെ മകനുമായ ഡി.എസ്. നീലകണ്ഠനെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ (ഐകെഎം) ഡപ്യൂട്ടി ഡയറക്ടറായി നിയമിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ.ഫിറോസ് രംഗത്ത്. സിപിഎമ്മും സിപിഐയും ഉള്‍പ്പെട്ട ഈ നിയമന വിവാദം പുറത്തുപറയുമെന്നു ബ്ലാക്ക്‌മെയില്‍ ചെയ്താണു ബന്ധുനിയമന വിവാദത്തില്‍ കുരുക്കിലായ മന്ത്രി കെ.ടി.ജലീല്‍, സിപിഎമ്മിനെയും കോടിയേരിയെയും ഒപ്പംനിര്‍ത്തിയതെന്നും ഫിറോസ് ആരോപിച്ചു.

ജലീൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണു വിവാദ നിയമനം നടന്നതെന്നു ഫിറോസ് പറഞ്ഞു. ഡപ്യൂട്ടി ഡയറക്ടർ (ടെക്നിക്കൽ) എന്ന തസ്തികയിലേക്കാണു നിയമനം നടന്നത്. വിദ്യാഭ്യാസ യോഗ്യതയുടെയും ജോലി പരിചയത്തിന്റെയും അടിസ്ഥാനത്തിലുള്ള മാർക്കിൽ മറ്റൊരു ഉദ്യോഗാർഥിയായിരുന്നു ഒന്നാമത്. എന്നാൽ, ഇന്റ‍ർവ്യൂവിൽ അദ്ദേഹത്തിനു മാർക്ക് കുറച്ചു. നീലകണ്ഠനു കൂടുതൽ മാർക്ക് നൽകുകയും ചെയ്തു. ഒരു ലക്ഷം രൂപ ശമ്പളത്തിലാണു നിയമനം നൽകിയത്. സാധാരണ ഒരു വർഷത്തേക്കാണു സർക്കാരിന്റെ കരാർ നിയമനമെങ്കിൽ, നീലകണ്ഠന്റെ കാര്യത്തിൽ 5 വർഷത്തേക്കാണു കരാറിൽ ഒപ്പിട്ടതെന്നും അദ്ദേഹം ആരോപിച്ചു. അന്ന് ഐകെഎം ഡയറക്ടറായിരുന്ന സാംബശിവ റാവുവും നിയമനത്തിനു കൂട്ടുനിന്നതായി ഫിറോസ് ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *