യുപിയില്‍ ബിജെപി 5 സീറ്റില്‍ ഒതുങ്ങുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയും (എസ്പി) ബഹുജന്‍ സമാജ് പാര്‍ട്ടിയും(ബിഎസ്പി) കോണ്‍ഗ്രസുമായി ചേര്‍ന്നു സഖ്യമുണ്ടാക്കിയാല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയേല്‍ക്കുമെന്നു സര്‍വേ. മൂന്നു കക്ഷികളും ഒരുമിച്ചാല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നാണ് ഇന്ത്യ ടുഡേ- കാര്‍വി തിരഞ്ഞെടുപ്പ് സര്‍വേ പ്രവചിക്കുന്നത്. ഇങ്ങനെയായാല്‍ എസ്പി, ബിഎസ്പി, ആര്‍എല്‍ഡി, കോണ്‍ഗ്രസ് എന്നിവര്‍ ചേര്‍ന്ന് 75 സീറ്റുകളിലും വിജയിക്കും.
ആകെ 80 ലോക്‌സഭാ സീറ്റുകള്‍ ഉള്ള യുപിയില്‍ 2014-ല്‍ ബിജെപി- അപ്‌നാദള്‍ സഖ്യം 73 സീറ്റുകളിലാണ് വിജയിച്ചത്. എന്നാല്‍ വിശാല സഖ്യം എന്ന സ്വപ്‌നം യാഥാര്‍ഥ്യമായാല്‍ ബിജെപി- അപ്‌നാദള്‍ സഖ്യത്തിന്റെ വോട്ടുശതമാനം 43.3 ശതമാനത്തില്‍ നിന്ന് 36 ശതമാനത്തിലേക്ക് കൂപ്പുകുത്തും.

വിശാല സഖ്യത്തിന്റേത് 50.3 ശതമാനത്തില്‍ നിന്ന് 58 ശതമാനമായി വര്‍ധിക്കും. നിലവിലെ അവസ്ഥയില്‍ എസ്പി, ബിഎസ്പി, ആര്‍എല്‍ഡി എന്നിവര്‍ ചേര്‍ന്നു 58 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിച്ചാല്‍ നാല് സീറ്റുകള്‍ മാത്രമെ ലഭിക്കൂ എന്നും സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി അഖിലേഷ് യാദവും മായാവതിയും സഖ്യമുണ്ടാക്കിയത് തിരിച്ചടിയാകുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. എസ്പിയും ബിഎസ്പിയും 38 സീറ്റുകളില്‍ വീതം മല്‍സരിക്കുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. ആര്‍എല്‍ഡിക്ക് രണ്ടു സീറ്റുകളും നല്‍കും. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നും സഖ്യ രൂപീകരണ വേളയില്‍ അഖിലേഷും മായാവതിയും പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *