ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 20ന്; ക്ഷേത്ര പരിസരത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പൊങ്കാല മഹോത്സവ ദിനങ്ങളിൽ ക്ഷേത്ര പരിസരത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ. കെ വാസുകി അറിയിച്ചു. പൊങ്കാല മഹോത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ ചേർന്ന ഉദ്യോഗസ്ഥതല യോഗമാണ് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

ഫെബ്രുവരി 20നാണ് ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല. ഫെബ്രുവരി 12 മുതൽ 21 വരെയാണ് പൊങ്കാല മഹോത്സവം. ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 21 കോർപ്പറേഷൻ വാർഡുകളിൽ പൂർണമായി ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു. പൊങ്കാലയ്ക്ക് വരുന്ന ഭക്തജനങ്ങൾ പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കണം.

മൺകപ്പ്, സ്റ്റീൽ പാത്രങ്ങൾ, പാം പ്ലേറ്റ്‌സ് എന്നിവ ഉപയോഗിക്കണം. ഉത്സവവുമായി ബന്ധപ്പെട്ട് തുറക്കുന്ന താത്കാലിക കടകളിലടക്കം പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ അനുവദിക്കില്ല. പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ അടച്ചുപൂട്ടും. പ്ലാസ്റ്റിക്കിന് പകരം ബ്രൗൺ കവറുകളിൽ ഭക്ഷ്യസാധനങ്ങൾ വിൽക്കാവുന്നതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഉത്സവത്തിനായി ലൈസൻസ് നൽകുന്ന താത്കാലിക വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യാൻ അനുവദിക്കില്ല. അന്നദാനം നടത്തുന്നവർക്ക് കുടിവെള്ള വിതരണത്തിനായി ബബിൾ ടോപ്പ്, ആർ.ഒ. സംവിധാന എന്നിവ ഉപയോഗിക്കാം. ചൂടുവെള്ളവും നൽകാവുന്നതാണ്. പ്ലാസ്റ്റിക് പാത്രങ്ങളോ കപ്പുകളോ അനുവദിക്കില്ല.

അന്നദാനത്തിന് ആവശ്യമുള്ള സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും നഗരസഭയിൽനിന്ന് ലഭ്യമാണെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു. ശബ്ദമലിനീകരണം തടയുന്നതിനുള്ള നടപടികളും കർശനമാക്കുമെന്ന് കളക്ടർ പറഞ്ഞു.

ഇതിനായി മലിനീകരണ നിയന്ത്രണ ബോർഡും പൊലീസും സ്‌പെഷ്യൽ ഡ്രൈവ് നടത്തണം. നിയമ ലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കും. പൊങ്കാലയ്ക്ക് സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പെട്രോൾ പമ്പുകൾ, കെഎസ്ഇബി ട്രാൻസ്‌ഫോർമറുകൾ എന്നിവയിൽനിന്ന് സുരക്ഷിത അകലം പാലിച്ചേ പൊങ്കാല അടുപ്പുകളിടാൻ അനുവദിക്കൂ.

ക്ഷേത്ര പരിസരത്തും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിനെയും ആരോഗ്യ വകുപ്പിനെയും ചുമതലപ്പെടുത്തി. ആംബുലൻസ്, മരുന്ന് എന്നിവ സഹിതമുള്ള മെഡിക്കൽ സംഘം ക്ഷേത്ര പരിസരങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടാകും.

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ സർവീസുകൾ നടത്തുമെന്ന് കെഎസ്ഇബിയും റെയിൽവേയും യോഗത്തിൽ അറിയിച്ചു. കളക്ടറേറ്റിൽ നടന്ന യോഗത്തിൽ എഡിഎം വി ആർ വിനോദ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *