പ്രിയങ്കാഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ; പ്രിയങ്ക കഴിവുറ്റ നേതാവാണെന്നു രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്നതിനിടെ  പ്രിയങ്കാ ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് അവര്‍ക്കു നല്‍കിയത്. അടുത്തമാസം ആദ്യവാരം പ്രിയങ്ക ചുമതലയേല്‍ക്കും.
പ്രിയങ്ക കഴിവുറ്റ നേതാവാണെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സഹോദരി തനിക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ അതീവ സന്തുഷ്ടനാണ്. പ്രതിരോധത്തിലൂന്നിയുള്ള രാഷ്ട്രീയത്തിനു കോണ്‍ഗ്രസ് ഒരുക്കമല്ല. രാജ്യത്തുടനീളം മുന്നേറ്റ നിരയില്‍ കോണ്‍ഗ്രസ് സ്ഥാനമുറപ്പിക്കും. യുപിയില്‍ അഖിലേഷ്, മായാവതി എന്നിവരോട് എതിര്‍പ്പില്ല. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്നിവയുടെ ഏക ലക്ഷ്യം ബിജെപിയെ തോല്‍പിക്കുക എന്നതാണ്. തിരഞ്ഞെടുപ്പിനു ശേഷം എസ്പി, ബിഎസ്പി എന്നിവയോടു സഹകരിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്നും രാഹുല്‍ പറഞ്ഞു.


മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷനായ ജ്യോതിരാദിത്യ സിന്ധ്യയേയും എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. കെ.സി.വേണുഗോപാലിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു നേതൃത്വം നല്‍കിയതാണ് കെ.സി.വേണുഗോപാലിനെ ഈ സ്ഥാനത്തിന് അര്‍ഹനാക്കിയത്.
ഉത്തരവാദിത്തമുള്ള പദവിയാണു ലഭിച്ചിരിക്കുന്നതെന്നു വേണുഗോപാല്‍ പ്രതികരിച്ചു. പ്രിയങ്കയുടെ വരവ് ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കും. ലോക്‌സഭയില്‍ മല്‍സരിക്കണമോയെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് ഹരിയാനയുടെ ചുമതലയും നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *