സിനിമകൾ ബിഗ് ബഡ്‌ജറ്റിന്റെ പിന്നാലെ: റസൂൽ പൂക്കുട്ടി

തിരുവനന്തപുരം : വമ്പന്‍ സിനിമകളുടെ കാലമാണ് വരുന്നതെന്നും ജീവിത ഗന്ധിയായ ചെറിയ സിനിമകള്‍ ഇല്ലാതാകുമെന്നും പ്രശസ്ത സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞു. സാങ്കേതിക തികവുള്ള ബിഗ് ബഡ്ജറ്റ് സിനിമകള്‍ക്കേ ഭാവിയില്‍ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാന്‍ കഴിയൂ എന്നുള്ള പുതിയ സംസ്‌കാരമുണ്ടാകുന്നുണ്ടെന്നും പ്രസ് ക്‌ളബില്‍ നടന്ന മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വെബ് സീരീസുകളുടെയും മറ്റും കാലത്ത് പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കുക എന്നതാണ് സിനിമ നേരിടുന്ന വെല്ലുവിളി.
ജീവിതം പറയുന്ന കൊച്ചു സിനിമകളുണ്ടായാലും തിയേറ്ററില്‍ നിലനില്പുണ്ടാകില്ല. ബോളിവുഡിന് തുല്യമായി മലയാള സിനിമയും വന്‍ ബഡ്ജറ്റിന്റെ പിന്നാലെയാണ്. കേരളത്തിലെ തൊണ്ണൂറു ശതമാനം തിയേറ്ററുകളിലും സാങ്കേതിക തികവില്ല. ഇത്തരത്തില്‍ പ്രേക്ഷകരെ പറ്റിക്കുന്നതില്‍ ഏറെയും മള്‍ട്ടിപ്ലക്സ് തിയേറ്ററുകളാണ്. മലയാള സിനിമയിലെ ടെക്നിക്കല്‍ സംഘടനകള്‍ കുശുമ്പും കുന്നായ്മയും നിറുത്തി സാങ്കേതിക കാര്യങ്ങളില്‍ ബോധവത്കരണം നടത്തണം.
സിനിമയ്ക്കായി ഒന്നും ചെയ്യാതെ സര്‍ക്കാര്‍ നികുതി മാത്രം ഈടാക്കുകയാണ്. താന്‍ ശബ്ദ സംവിധാനം നിര്‍വഹിച്ച വി.കെ. പ്രകാശിന്റെ ‘പ്രാണ’ സിനിമ മികച്ച തിയേറ്റര്‍ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാതാക്കളായ സുരേഷ് രാജ്, പ്രവീണ്‍ എസ്. കുമാര്‍, സംഗീത സംവിധായകന്‍ അരുണ്‍ വിജയ് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ജി. പ്രമോദ് സ്വാഗതവും സെക്രട്ടറി എം. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *