വിമാനവില കൂട്ടിയത് മോദിയുടെ കടുംപിടിത്തം

ന്യൂഡല്‍ഹി : മുന്‍പു പറഞ്ഞുറപ്പിച്ചതിനേക്കാള്‍ കുറഞ്ഞ എണ്ണം വാങ്ങിയതിനാലാണു റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കു വില കൂടിയതെന്നു വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമമാണു കണക്കുകള്‍ സഹിതം ഇക്കാര്യം വിശദീകരിക്കുന്നത്. യുപിഎ സര്‍ക്കാര്‍ 126 വിമാനങ്ങള്‍ വാങ്ങാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ നേരിട്ടുപോയി നടത്തിയ ഇടപാടില്‍ വിമാനങ്ങള്‍ 36 ആയി കുറച്ചു. ഇതാണ് വിമാനവിലയില്‍ 41.42 ശതമാനം വര്‍ധനയുണ്ടാക്കിയത്
ഇന്ത്യയ്ക്ക് അനുയോജ്യമായ മാറ്റം (ഇന്ത്യ സ്‌പെസിഫിക് എന്‍ഹാന്‍സ്‌മെന്റ്‌ഐഎസ്ഇ) വരുത്തി 13 വിമാനങ്ങള്‍ നല്‍കാമെന്നും മോദിയുടെ കരാറിലുണ്ടായിരുന്നു. ഇതാണ് വില കൂടാനുള്ള മറ്റൊരു കാരണം. റഫാല്‍ വിമാനങ്ങളുടെ വില എന്‍ഡിഎ സര്‍ക്കാര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഫ്രാന്‍സുമായുള്ള കരാറിലെ വ്യവസ്ഥകളനുസരിച്ചാണു വില ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണു സര്‍ക്കാരിന്റെ വാദം. എന്നാല്‍ വിമാനവില പുറത്തുവിടുന്നതില്‍ നിയന്ത്രണമില്ലെന്നു ഫ്രാന്‍സ് ചൂണ്ടിക്കാട്ടുന്നു. 126 വിമാനങ്ങളില്‍ 18 എണ്ണം പൂര്‍ണസജ്ജമായ നിലയിലും ബാക്കി 108 എണ്ണം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിര്‍മിക്കാനുമായിരുന്നു മുന്‍ ധാരണ.
2007ല്‍ യുപിഎ ഭരണകാലത്ത് ഒരു വിമാനത്തിന്റെ വില 79.3 ദശലക്ഷം യൂറോ ആയിരുന്നു. 2011ല്‍ വില 100.85 ദശലക്ഷം യൂറോയിലേക്ക് ഉയര്‍ന്നു. 2016ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മുന്‍വിലയില്‍ ഒന്‍പതു ശതമാനം ഇളവ് നല്‍കാമെന്നു ഫ്രാന്‍സ് അറിയിച്ചു. ഇതനുസരിച്ച് വിമാനമൊന്നിന്റെ വില 91.75 ദശലക്ഷം യൂറോ. അതേസമയം, 13 ‘ഇന്ത്യന്‍ വിമാന’ങ്ങളുടേതടക്കം രൂപകല്‍പനയ്ക്കും നിര്‍മാണത്തിനുമായി 1.4 ബില്യന്‍ യൂറോ നല്‍കണമെന്നു വിമാന നിര്‍മാണ കമ്പനിയായ ഡാസോ അറിയിച്ചു. വിലപേശലില്‍ ഈ തുക 1.3 ബില്യന്‍ യൂറോയായി കുറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ കരാറില്‍ 36 വിമാനങ്ങള്‍ വാങ്ങാനായിരുന്നു തീരുമാനിച്ചത്. ഇതോടെ രൂപകല്‍പനയ്ക്കും നിര്‍മാണത്തിനുമായി കണക്കാക്കിയ ചെലവുതുക 2007ല്‍ ഒരു വിമാനത്തിന് 11.11 ദശലക്ഷം യൂറോ ആയിരുന്നത് 2016ല്‍ 36.11 ദശലക്ഷം യൂറോയിലേക്ക് ഉയര്‍ന്നു. 126 വിമാനങ്ങളുടെ അതേ ചെലവുതുകയാണ് 36 എണ്ണത്തിനും ഈടാക്കിയതെന്നാണു സൂചന. ഇത്രയുമുയര്‍ന്ന തുക നല്‍കുന്നതിനെ ഏഴംഗ ഉന്നത സമിതിയിലെ മൂന്ന് ഉന്നത പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. എന്നാല്‍, 4-3 ഭൂരിപക്ഷത്തില്‍ ഈ തീരുമാനത്തിന് അനുമതിയായെന്നും വാര്‍ത്തയില്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *