ശബരിമലയില്‍ യുവതികള്‍ക്ക് പോലീസ് സംരക്ഷണം കിട്ടിയെന്ന് എസ്.പി ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയില്‍ യുവതികള്‍ ജനുവരി രണ്ടിന് ദര്‍ശനം നടത്തിയപ്പോള്‍ സിവില്‍ വേഷത്തില്‍ നാല് പൊലീസുകാര്‍ ഒപ്പമുണ്ടായിരുന്നെന്നും അവരുടെ അപേക്ഷയനുസരിച്ചാണ് ഒപ്പം പോയതെന്നും പത്തനംതിട്ട എസ്.പി ടി. നാരായണന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. അന്ന് 93,120 ഭക്തര്‍ ദര്‍ശനത്തിനെത്തിയിരുന്നു. ഇവരാരും യുവതികളെ തടയുകയോ ദര്‍ശനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്തില്ല. യഥാര്‍ത്ഥ ഭക്തര്‍ക്കല്ല, ആസൂത്രിത നീക്കത്തിലൂടെ പ്രശ്‌നങ്ങളുണ്ടാക്കുന്ന ചില സംഘടനകള്‍ക്കാണ് പ്രതിഷേധമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ജനുവരി മൂന്നിന് നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്ത ഭക്തരുടെ ബസില്‍ മൂന്ന് യുവതികള്‍ എത്തിയത് പ്രതിഷേധക്കാരുടെ ബഹളത്തിന് ഇടയാക്കി. ഒപ്പമുള്ളവര്‍ ദര്‍ശനം നടത്തി വരട്ടേയെന്നും തങ്ങള്‍ മലകയറുന്നില്ലെന്നും തീരുമാനിച്ച് ഇവര്‍ ബസില്‍ തന്നെ ഇരിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ മലകയറാനെത്തിയതാണെന്ന് പ്രതിഷേധക്കാര്‍ ധരിച്ചു. പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.
ജനുവരി നാലിന് ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. ശബരിമല കര്‍മ്മ സമിതിയുടെയും ആചാര സംരക്ഷണ സമിതിയുടെയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അക്രമങ്ങളും പ്രതിഷേധവും കാരണം ചില സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *