വിനോദസഞ്ചാരമേഖലയില്‍ കേരളത്തിനു 550 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി

കൊല്ലം : ടൂറിസം സര്‍ക്യൂട്ടുകളെ ബന്ധപ്പെടുത്തുന്ന സ്വദേശ് ദര്‍ശന്‍, തീര്‍ഥാടനകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പ്രസാദ് എന്നീ പദ്ധതികള്‍ വഴി വിനോദസഞ്ചാരമേഖലയില്‍ കേരളത്തിനു 550 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടതുള്‍പ്പെടെ 7 പദ്ധതികള്‍ക്കായാണു തുകയെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം ബൈപാസ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്.
മത്സ്യമേഖലയ്ക്കായി 7500 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതു മുതല്‍ കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനു മുന്തിയ പരിഗണനയാണു നല്‍കിയിട്ടുള്ളത്. ഭാരത് മാലാ പദ്ധതി പ്രകാരം മുംബൈ- കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി വരികയാണ്. 2015 ജനുവരിയില്‍ അന്തിമ അനുമതി ലഭിച്ചതാണ് കൊല്ലം ബൈപാസ് പദ്ധതി. ഇതു കാര്യക്ഷമമായി പൂര്‍ത്തിയാക്കാനായതു സംസ്ഥാന സര്‍ക്കാരിന്റെ കൂടി സഹകരണം ലഭിച്ചതോടെയാണ്.
ഒരു കുടുംബത്തിനു പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ടു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ കേരളം കൂടുതല്‍ ഉത്സാഹിക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *