ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് മുന്നണി നേതൃത്വങ്ങള്‍

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് യു.ഡി.എഫും എല്‍.ഡി.എഫും നീക്കങ്ങളാരംഭിച്ചു. സീറ്റ് വിഭജന ചര്‍ച്ചകളാണ് പ്രധാനമായും മുന്നണി നേതാക്കള്‍ തുടക്കത്തില്‍ തന്നെ ഊന്നല്‍ നല്‍കുകയെന്നത് വ്യക്തം.

ഈ മാസം 17ന് എല്‍.ഡി.എഫും യു.ഡി.എഫും ചേരുന്നത് പ്രധാനമായും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആലോചിക്കാനാണ്.കോണ്‍ഗ്രസില്‍ ഫെബ്രുവരിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുമെന്ന് നേതാക്കള്‍ അറിയിക്കുകയും താഴേക്കിടയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തതോടെ യു.ഡി.എഫ് ഘടകകക്ഷികള്‍ സീറ്റ് വിഭജനചര്‍ച്ച ആവശ്യപ്പെട്ടുകഴിഞ്ഞു. 17ന് ചേരുന്ന യോഗത്തില്‍ ഇതിന് ഔപചാരിക തുടക്കമിടുമെന്ന് ഘടകകക്ഷി നേതാക്കള്‍ അറിയിച്ചു. യു.ഡി.എഫില്‍ കോണ്‍ഗ്രസ് 15 സീറ്റിലും ലീഗ് രണ്ടിലും മാണി, ആര്‍.എസ്.പി, എം.പി. വീരേന്ദ്രകുമാറിന്റെ പഴയ ജനതാദള്‍ വിഭാഗം എന്നിവ ഓരോ സീറ്റിലുമാണ് കഴിഞ്ഞതവണ മത്സരിച്ചത്. വീരേന്ദ്രകുമാര്‍ മുന്നണി വിട്ട സാഹചര്യത്തിലാണ് ജേക്കബ് ഗ്രൂപ്പടക്കം ആവശ്യം ശക്തമാക്കുന്നത്. എല്‍.ഡി.എഫില്‍ സി.പി.എം 15സീറ്റിലും സി.പി.ഐ നാലും ജനതാദള്‍-എസ് ഒന്നും സീറ്റുകളിലാണ് കഴിഞ്ഞതവണ മത്സരിച്ചത്. ജനതാദളിന്റെ രണ്ട് ഗ്രൂപ്പുകളുള്ളതിനാല്‍ ഒരു വിഭാഗത്തിനേ സീറ്റ് കിട്ടാനിടയുള്ളൂവെന്ന് സൂചനയുമുണ്ട്. മുസ്ലിംലീഗ് മൂന്നാമതൊരു സീറ്റും മാണി ഗ്രൂപ്പ് രണ്ടാമതൊരു സീറ്റും ജേക്കബ് ഗ്രൂപ്പ് ഒരു സീറ്റുമാണ് ചോദിച്ചിട്ടുള്ളത്. കോഴിക്കോട്, വടകര, വയനാട് സീറ്റുകളിലൊന്ന് വേണമെന്നാണ് ലീഗിന്റെ ആവശ്യം. വയനാടോ ഇടുക്കിയോ വേണമെന്ന് മാണിയും ഇടുക്കി വേണമെന്ന് ജേക്കബ് ഗ്രൂപ്പും ആവശ്യപ്പെടുന്നു.

എല്‍.ഡി.എഫ് യോഗം പുതുതായി മുന്നണിയിലെത്തിയ ഘടകകക്ഷികള്‍ക്ക് വരവേല്പ് നല്‍കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ ആലോചിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനതല പ്രചരണജാഥ അന്ന് തീരുമാനിക്കും. സീറ്റ് വിഭജന ചര്‍ച്ച ആ യോഗത്തിലുണ്ടാവില്ല. ഇടതുമുന്നണിയിലെ രീതിയനുസരിച്ച് ഘടകകക്ഷികള്‍ ഓരോരുത്തരായി സി.പി.എം നേതൃത്വവുമായി ചര്‍ച്ച നടത്തിയാണ് ധാരണയിലെത്തുന്നത്. ഇതുപ്രകാരം ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള തീരുമാനം അന്നുണ്ടായേക്കും. എല്‍.ഡി.എഫില്‍ പുതുതായെത്തിയ ലോക്താന്ത്രിക് ജനതാദളിന് വടകരയോ കോഴിക്കോടോ കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ് കോട്ടയമോ ഇടുക്കിയോ ആഗ്രഹിക്കുന്നു. ഐ.എന്‍.എല്‍ മലപ്പുറമോ പൊന്നാനിയോ ആഗ്രഹിക്കുന്നു. ഇവരാരും ഔപചാരികമായി സീറ്റ് ചോദിച്ചിട്ടില്ല. എന്‍.സി.പി ഒരു സീറ്റ് ചോദിച്ചിട്ടുണ്ട്. പത്തനംതിട്ടയിലാണവരുടെ കണ്ണ്.

അതേസമയം, എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസ് എട്ട് സീറ്റുകളാണ് ചോദിച്ചിട്ടുള്ളത്. അവര്‍ക്ക് മാന്യമായ പരിഗണന നല്‍കുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നതെങ്കിലും അന്തിമതീരുമാനം പ്രഖ്യാപിക്കേണ്ടത് പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ്. ഇക്കാര്യത്തില്‍ ഏകദേശ ധാരണയായെന്നാണ് നേതാക്കള്‍ പറയുന്നത്. കേരള കോണ്‍ഗ്രസ്-പി.സി. തോമസ് വിഭാഗവും കോട്ടയം സീറ്റിനായി രംഗത്തുണ്ട്

Leave a Reply

Your email address will not be published. Required fields are marked *