സമരത്തില്‍ സജീവ പങ്കാളികളായവരെ തിരുവാഭരണ ഘോഷയാത്രാ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന പൊലീസ് നിര്‍ദേശം ദേവസ്വം ബോര്‍ഡും കൊട്ടാരവും തള്ളി

പത്തനംതിട്ട: ശബരിമല സമരത്തില്‍ സജീവ പങ്കാളികളായവരെയും റിമാന്‍ഡില്‍ കഴിഞ്ഞവരെയും തിരുവാഭരണ ഘോഷയാത്രാ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന പൊലീസ് നിര്‍ദേശം പന്തളം കൊട്ടാരവും ദേവസ്വം ബോര്‍ഡും തള്ളി. കൊട്ടാരത്തിന്റെയും ഭക്തരുടെയും ഭാഗത്തു നിന്ന് കടുത്ത പ്രതിഷേധമുയര്‍ന്നതോടെ പൊലീസും നിലപാടില്‍ അയവ് വരുത്തി. യാത്രയെ അനുഗമിക്കുന്നതിന് ഇന്നലെ വൈകിട്ട് വരെ പന്തളം പൊലീസ് സ്റ്റേഷനില്‍ 160 അപേക്ഷകളാണ് ലഭിച്ചത്. 155 പേര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കി. ക്രിമിനല്‍ കേസില്‍ പെട്ടതിനാലാണ് അഞ്ച് അപേക്ഷകള്‍ തള്ളിയത്.
തിരുവാഭരണ പേടകം ചുമക്കുന്ന 22 പേര്‍, ആറ് സഹായികള്‍, പല്ലക്ക് ചുമക്കുന്ന 12 പേര്‍ എന്നിവരുടെ പട്ടിക പന്തളം കൊട്ടാരവും വലിയകോയിക്കല്‍ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോര്‍ഡിനു കൈമാറി. ഇവര്‍ക്ക് ബോര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിത്തുടങ്ങി. ഇവരില്‍ ശബരിമല സമരത്തില്‍ പങ്കെടുത്ത് റിമാന്‍ഡില്‍ കഴിഞ്ഞവരുമുണ്ട്.
സമരത്തില്‍ പങ്കെടുത്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡെടുക്കാന്‍ ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യ നിലപാട്. ഇതിലുള്ള പ്രതിഷേധം കൊട്ടാരം ഭാരവാഹികള്‍ ഡി.ജി.പിയെ അറിയിച്ചിരുന്നു. പൊലീസ് നിര്‍ദേശം സ്വീകാര്യമല്ലെന്നും പറഞ്ഞു. കൊലപാതകമടക്കം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഉദ്ദേശിച്ചാണ് കത്തു നല്‍കിയതെന്നായിരുന്നു ഇതിന് ജില്ലാ പൊലീസ് ചീഫിന്റെയും ജില്ലാ കളക്ടറുടെയും വിശദീകണം.

Leave a Reply

Your email address will not be published. Required fields are marked *