തിരുവാഭരണ ഘോഷയാത്ര കൊടിമര ജാഥയല്ലെന്ന് പിണറായി വിജയന്‍ മനസ്സിലാക്കണം: പി.പി.മുകുന്ദന്‍

തിരുവനന്തപുരം : തിരുവാഭരണ ഘോഷയാത്രയ്‌ക്കെതിരെ തീട്ടൂരം പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് എന്ത് അവകാശമാണ് ഉള്ളതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍. ഇത് പാര്‍ട്ടിയുടെ കൊടിമര ജാഥയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മനസ്സിലാക്കണം. ക്ഷേത്രാചാരങ്ങളെ സര്‍ക്കാര്‍ ഉത്തരവു കൊണ്ട് നിയന്ത്രിക്കാനാകുമെന്ന മൂഢവിശ്വാസം പിണറായി ഉപേക്ഷിക്കണം. സര്‍ക്കാരിന്റെ അനുമതിയുള്ളവര്‍ മാത്രം യാത്രയെ അനുഗമിച്ചാല്‍ മതിയെന്ന ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൗലികാവകാശത്തിന്‍മേലുള്ള കടന്നു കയറ്റമാണിത്. ഇന്ന് ക്ഷേത്രങ്ങളുടെ മേല്‍ കൈവയ്ക്കുന്ന പിണറായി സര്‍ക്കാര്‍ പള്ളികള്‍ക്കും മോസ്‌കുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാലം വിദൂരമല്ല. തിരുവാഭരണത്തെ അനുഗമിക്കുക എന്നത് അതിനാഗ്രഹിക്കുന്ന ഏതൊരു ഭക്തന്റെയും ജന്മാവകാശമാണ്. അതിന് പൊലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിര്‍ദേശം ഭക്തര്‍ക്ക് അംഗീകരിക്കാനാവില്ല. ഇത്തരം ഉത്തരവുകള്‍ക്കു പുല്ലുവില കല്‍പ്പിക്കാനുള്ള ഔചിത്യം ഭക്തസമൂഹം കാണിക്കുമെന്നാണ് പ്രതീക്ഷ.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയും നവരാത്രി ഘോഷയാത്രയും സര്‍ക്കാര്‍ നിയന്ത്രിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ദേവസ്വം ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന നിര്‍ദേശം പാലിക്കാന്‍ പിണറായി തയാറാകണം. തിരുവാഭരണ ഘോഷയാത്രയ്ക്ക് സംരക്ഷണം നല്‍കുക എന്ന നിയമപരമായ ബാധ്യത മാത്രമാണ് സര്‍ക്കാരിനുള്ളത്. അത് കൃത്യമായി ചെയ്യാന്‍ പിണറായി വിജയന്‍ തീരുമാനിച്ചാല്‍ മാത്രം മതി.
നാളിതുവരെ നടന്നുവന്ന ആചാര അനുഷ്ഠാനങ്ങളോടെ ഇത്തവണത്തെ തിരുവാഭരണ ഘോഷയാത്രയും നടക്കും. മറിച്ച് അതിനെ പാര്‍ട്ടി ജാഥയാക്കി മാറ്റാനുള്ള പിണറായിയുടെ ധിക്കാരത്തെ വിശ്വാസിസമൂഹം ചെറുത്തു തോല്‍പ്പിക്കണമെന്നും മുകുന്ദന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *