കേന്ദ്രത്തില്‍ അധികാരത്തുടര്‍ച്ച ഉറപ്പാണ്: അമിത് ഷാ

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തുടര്‍ച്ച ഉറപ്പാണെന്നും മോദി അപരാജിതനായി തുടരുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാംലീല മൈതാനത്തു പാര്‍ട്ടി നിര്‍വാഹകസമിതി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദ്വിദിന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ 12,000 പ്രവര്‍ത്തകരാണു പങ്കെടുക്കുന്നത്.

സാമ്പത്തിക സംവരണത്തിനു നടപടിയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള മോദിയുടെ തീരുമാനം ചരിത്രപരമാണ്. വര്‍ഷങ്ങളായുള്ള ആവശ്യമാണിത്. അതു യാഥാര്‍ഥ്യമാക്കിയത് മോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരാണ് – ഷാ അവകാശപ്പെട്ടു.

2014 ലെ വിജയം 2019 ലും ആവര്‍ത്തിക്കും. ബിജെപിക്കു മാത്രമല്ല, വലിയ വിഭാഗം ജനത്തെ സംബന്ധിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം അതീവ പ്രധാന്യമുള്ളതാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ തുടര്‍ച്ചയ്ക്ക് ഇത്തവണത്തെ വിജയം ആവശ്യമാണ്. അടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ.അഡ്വാനി എന്നിവരാണു ബിജെപിക്കു ജനസമ്മതിയുണ്ടാക്കിയ പ്രധാനപ്പെട്ട നേതാക്കള്‍. വാജ്‌പേയിയുടെ സാന്നിധ്യമില്ലാത്ത ആദ്യ കൗണ്‍സില്‍ യോഗമാണിത്.

Leave a Reply

Your email address will not be published. Required fields are marked *