തനിക്കു നീതി കിട്ടണമെന്ന ഫൗസിയ ഹസന്റെ ആവശ്യത്തെ പിന്തുണച്ചു നമ്പി നാരായണന്‍

കോഴിക്കോട് : ഐഎസ്ആര്‍ഒ ചാരക്കേസില്‍ തനിക്കു നീതി കിട്ടണമെന്ന ഫൗസിയ ഹസന്റെ ആവശ്യത്തെ പിന്തുണച്ചു നമ്പി നാരായണന്‍. താനിതു നേരത്തേ ഉന്നയിച്ചതാണ്. ചാരക്കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ കാലം ജയില്‍വാസം അനുഭവിച്ചതു ഫൗസിയയാണ്. അവരെ സഹായിക്കാന്‍ കേരള സര്‍ക്കാരിനു കഴിയുമെന്നാണു പ്രതീക്ഷയെന്നു നമ്പി നാരായണന്‍ മുംബൈയില്‍ പറഞ്ഞു.

അതിനിടെ നമ്പി നാരായണനു ലഭിച്ച അതേ നീതി തനിക്കു കിട്ടണമെന്ന ആവശ്യവുമായി ഫൗസിയ ഹസന്‍ രംഗത്തെത്തിയിരുന്നു. ഏതുകോടതിയെ സമീപിക്കണമെന്നു പിന്നീടു തീരുമാനിക്കും. നമ്പി നാരായണനെ മുന്‍പരിചയമില്ല. ആദ്യമായി കണ്ടതു സിബിഐ കസ്റ്റഡിയിലാണെന്നും ഫൗസിയ പറഞ്ഞു.
തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. രണ്ട് പേര്‍ക്കും കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് നീതി കിട്ടിയതില്‍ പ്രതീക്ഷയുണ്ടെന്നും ഫൗസിയ ഹസ്സന്‍ പറയുന്നു.
പൊലീസുദ്യോഗസ്ഥന്‍ എസ് വിജയനാണ് ചാരക്കേസിന് പിന്നില്‍. ഇതിന് കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ട്. നമ്പി നാരായണനെ തനിക്ക് പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയില്‍ വച്ചാണ് ആദ്യം കാണുന്നത്. നമ്പി നാരായണന്‍ – എന്ന പേര് പറയാന്‍ പോലും തനിയ്ക്ക് ബുദ്ധിമുട്ടായിരുന്നു – ഫൗസിയ ഹസ്സന്‍ പറയുന്നു.
കരുണാകരനെയും നരസിംഹറാവുവിന്റെ മകനെയുമൊക്കെ കേസിലേക്ക് കൊണ്ടുവന്നതില്‍ രാഷ്ട്രീയ അട്ടിമറിയ്ക്കുള്ള ലക്ഷ്യമുണ്ടെന്ന് ഫൗസിയ ഹസ്സന്‍ വെളിപ്പെടുത്തുന്നു. താനും മറിയം റഷീദയും ആയുധങ്ങളായി മാറുകയായിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് നിയമപോരാട്ടം തുടരുക – ഫൗസിയ ഹസ്സന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *