എസ്ബിഐ ട്രഷറി മെയിന്‍ ശാഖ അടിച്ചുതകര്‍ത്ത കേസില്‍ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ റിമാന്റില്‍

തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു സമീപമുള്ള എസ്ബിഐ ട്രഷറി മെയിന്‍ ശാഖ അടിച്ചുതകര്‍ത്ത കേസില്‍ അറസ്റ്റിലായ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഓഫിസ് അറ്റന്‍ഡന്റും എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാല്‍, ട്രഷറി ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് അക്കൗണ്ടന്റും ഏരിയ സെക്രട്ടറിയുമായ അശോകന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു.
രണ്ടു പ്രതികളും രാവിലെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. അക്രമത്തിനു നേതൃത്വം നല്‍കിയ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, എസ്.സുരേഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 9പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസില്‍ ഇനി 13 പേര്‍ പിടിയിലാകാനുണ്ട്. ഒന്‍പതുപേരെ തിരിച്ചറിഞ്ഞു. എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഹരികുമാര്‍ ആണ് ഒന്നാം പ്രതി.
സമരക്കാര്‍ ബുധനാഴ്ച മാനേജരുടെ ക്യാബിന്‍ അടിച്ചുതകര്‍ത്തിരുന്നു. രാവിലെ പത്തേകാലോടെയായിരുന്നു സംഭവം. ക്യാബിനിലെ മേശ അടിച്ചുതകര്‍ത്തു കംപ്യൂട്ടര്‍ എടുത്തിട്ടു നിലത്തടിച്ചു, ഫോണ്‍ വലിച്ചുപൊട്ടിച്ചു നിലത്തടിച്ചിട്ടും അരിശം തീരാതെ മേശയിലെ ഗ്ലാസ് വീണ്ടും തകര്‍ത്തു. സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തിയാണു മാനേജരെ രക്ഷിച്ചത്. പണിമുടക്കിന്റെ ആദ്യദിനമായ ചൊവ്വാഴ്ച മുടക്കം കൂടാതെ പ്രവര്‍ത്തിച്ച ശാഖയാണിത്.
സിപിഎം സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം എസ്. സുരേഷ് കുമാര്‍ എന്നിവര്‍ക്കൊപ്പമെത്തിയ സംഘമാണ് അക്രമം നടത്തിയത്. ഇരുനേതാക്കളും ചരക്ക്, സേവന നികുതി വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍മാരാണ്.

Leave a Reply

Your email address will not be published. Required fields are marked *