എല്‍ഡിഎഫിന് തിരിച്ചടി: കേരള ബാങ്ക് യുഡിഎഫിന്‍റ കൈയിലേക്ക്

തിരുവനന്തപുരം:  ജില്ലാ ബാങ്കുകളില്‍ നിന്ന് ഒഴിവാക്കിയ വായ്പ ഇതര സഹകരണ സംഘങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്ന കേരള ബാങ്കില്‍ അംഗത്വം വേണമെന്ന് നബര്‍ഡ്നിര്‍ദ്ദേശം. ബാങ്ക് ബോര്‍ഡില്‍ ഇതിനായി നിശ്ചിത ശതമാനം സീറ്റുകള്‍ നീക്കിവയ്ക്കണമെന്നാണ് നബാര്‍ഡ് മുന്നോട്ടുവച്ച നിര്‍ദ്ദേശം. ഇക്കാര്യങ്ങള്‍ വിശദമാക്കി കഴിഞ്ഞ ദിവസം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ സഹകരണ സെക്രട്ടറിക്ക് കത്ത് നല്‍കി.

സംസ്ഥാനത്തെ 1,600 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പുറമേ പതിനായിരത്തിലധികം വായ്പ ഇതര സംഘങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്കില്‍ വോട്ടവകാശം ഉണ്ടായിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇവരുടെ വോട്ടവകാശം റദ്ദാക്കി കേരള ബാങ്ക് രൂപീകരണത്തിനായി ജില്ലാ ബാങ്കുകളെ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിന് കീഴിലാക്കിയിരുന്നു.

നബാര്‍ഡിന്‍റെ പുതിയ നിര്‍ദ്ദേശത്തോടെ കേരള ബാങ്ക് പ്രമേയം പാസാക്കുന്നത് പ്രതിസന്ധിയിലാകും. കേരള ബാങ്കിലേക്ക് ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നതിന് കേവല ഭൂരിപക്ഷത്തില്‍ പ്രമേയം പാസാക്കേണ്ടതുണ്ട്. എന്നാല്‍, സംസ്ഥാനത്തെ ഭൂരിപക്ഷം വായ്പ ഇതര സംഘങ്ങളും യുഡിഎഫ് അനുകൂല സംഘടനകളുടെ നിയന്ത്രണത്തിലായതിനാല്‍ ജില്ലാ ബാങ്കുകളില്‍ അവതരിപ്പിക്കുന്ന പ്രമേയം പാസാകാന്‍ ബുദ്ധിമുട്ട് നേരിടും.

സര്‍ക്കാരിന് ലഭിച്ച കത്തിന് സ്വീകരിക്കുന്ന നടപടികള്‍ സഹിതം നബാര്‍ഡ് വഴിയാണ് കേരള ബാങ്കിനുളള അന്തിമ അനുമതിക്കായി കേരളം റിസര്‍വ് ബാങ്കിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. രാജ്യത്തെ സഹകരണ ബാങ്കുകളുടെ നിയന്ത്രണത്തില്‍ നിര്‍ണ്ണായക സ്വാധീനമുളള ദേശീയ ബാങ്കാണ് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്മെന്‍റ്.

Leave a Reply

Your email address will not be published. Required fields are marked *