ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം : സിഐടിയു, ഐഎന്‍ടിയുസി എന്നിവ ഉള്‍പ്പെടെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ തടയുകയാണ്. ജനശതാബ്ദി, രപ്തിസാഗര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ തടഞ്ഞിട്ടിരിക്കുകയാണ്. അഞ്ചുമണിക്കു പുറപ്പെടേണ്ട വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി ആറരയ്ക്കു മാത്രമാണു പുറപ്പെട്ടത്. ചെന്നൈ മെയില്‍ തൃപ്പൂണിത്തുറയില്‍ തടഞ്ഞിരിക്കുകയാണ്. ശബരി എക്‌സ്പ്രസിന്റെ യാത്രയും വൈകി.
സ്വകാര്യബസ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ജോലിക്കെത്തേണ്ടവരും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെടേണ്ടവരും വഴിയില്‍ കുടുങ്ങി. ബസ് സ്റ്റാന്‍ഡുകളില്‍ ഒട്ടേറെപ്പേരാണു കുടുങ്ങിയിരിക്കുന്നത്. ട്രെയിനിലും വിമാനത്തിലും നാട്ടിലെത്തിയവരില്‍ പലരും സ്വദേശത്തേക്കു പോകാന്‍ വാഹനമില്ലാതെ വിഷമിക്കുകയാണ്. ശബരിമല തീര്‍ഥാടനം, പത്രം, പാല്‍ വിതരണം, ആശുപത്രികള്‍, ടൂറിസം എന്നീ മേഖലകളിലുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചു. മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കും
കേന്ദ്ര, സംസ്ഥാന പൊതുമേഖലാ ജീവനക്കാര്‍, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷൂറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാര്‍ എന്നിവര്‍ പണിമുടക്കില്‍ പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവന്‍ സ്വര്‍ണവ്യാപാര സ്ഥാപനങ്ങളും ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. സര്‍വീസ് നടത്തുന്നതിനു കെഎസ്ആര്‍ടിസി പൊലീസ് സഹായം തേടി. എസ്ബിഐ ശാഖകള്‍ ഇന്നും നാളെയും തുറക്കും. എടിഎം പ്രവര്‍ത്തിക്കും

Leave a Reply

Your email address will not be published. Required fields are marked *