ലോക്‌സഭാ മുന്‍ സ്പീക്കര്‍ മനോഹര്‍ ജോഷി അന്തരിച്ചു

മുംബൈ : ലോക്‌സഭാ മുന്‍ സ്പീക്കറും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മനോഹര്‍ ജോഷി അന്തരിച്ചു. 86 വയസ്സായിരുന്നു.

ശിവസേനയുടെ മുതിര്‍ന്ന നേതാവായ മനോഹര്‍ ജോഷി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലമായി അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ഇന്ന് ഉച്ചക്കു ശേഷം ഔദ്യോഗിക ബഹുമതികളോടെ മുംബൈ ശിവജി പാര്‍ക്ക് ശ്മശാനത്തില്‍ സംസ്‌കരിക്കും.

ശിവസേനാ (യു ബി ടി) തലവന്‍ ഉദ്ദവ് താക്കറെ ബുല്‍ധാനയില്‍ നിന്ന് ആരംഭിച്ച തന്റെ സംസ്ഥാന വ്യാപക യാത്ര വെട്ടിച്ചുരുക്കി സംസ്‌കാര ചടങ്ങിനെത്തും.

ലോക്‌സഭാ സ്പീക്കര്‍, രാജ്യസഭാംഗം, മഹാരാഷ്ട്ര മുഖ്യമന്ത്രി, നിയമസഭാംഗം, മേയര്‍, ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഖണ്ഡാലയില്‍ കോഹിനൂര്‍ ബിസിനസ് സ്‌കൂള്‍, കോഹിനൂര്‍ഐ എം ഐ സ്‌കൂള്‍ ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നിവയുടെ സ്ഥാപകനാണ്. ധ്യാനേശ്വര്‍ വിദ്യാപീഠിന്റെ ചാന്‍സലറായും സേവനമനുഷ്ഠിച്ചു.

Leave a Reply

Your email address will not be published. Required fields are marked *