നാവികസേനയില്‍ റാങ്കുകള്‍ പുനര്‍നാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി

മുംബയ്: രാജ്യത്തിന്റെ സംസ്‌കാരത്തിന് യോജിച്ച രീതിയില്‍ ഇന്ത്യന്‍ നാവികസേനയില്‍ റാങ്കുകള്‍ പുനര്‍നാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

സേനയില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. നാവികസേനാ ദിനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ മാല്‍വാനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നാവികസേനാ കപ്പലിന്റെ കമാന്‍ഡിംഗ് ഓഫീസറായി വനിതാ ഉദ്യോഗസ്ഥയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് ആധുനിക നാവികസേനയെ വാര്‍ത്തെടുത്തതിന്റെ ആദരസൂചകമായി ഉദ്യോഗസ്ഥര്‍ ധരിക്കുന്ന എപ്പോലെറ്റില്‍ ഛത്രപധി ശിവാജിയുടെ രൂപം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയുടെ തുടക്കത്തില്‍ സിന്ധുദര്‍ഗ് ജില്ലയിലെ രാജ്‌കോട്ട് കോട്ടയില്‍ ഛത്രപത്രി ശിവജിയുടെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്യുകയും ചെയ്തു.

പതിനേഴാം നൂറ്റാണ്ടിലെ മറാത്ത രാജാവിന് നാവികസേനയുടെ പ്രാധാന്യം അറിയാമായിരുന്നു. ശിവജിയുടെ ഭരണകാലത്താണ് ശക്തമായ നാവികസേനയ്ക്ക് രൂപം കൊടുത്തത്. ശിവജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് അടിമത്തത്തിന്റെ ചങ്ങലകള്‍ ഉപേക്ഷിച്ച് ഇന്ത്യ എല്ലാ മേഖലകളിലും മുന്നോട്ട് കുതിക്കുന്നതെന്ന് ശിവജിയുടെ ദര്‍ശനങ്ങളെയും യുദ്ധതന്ത്രങ്ങളെയും സ്മരിച്ചുകൊണ്ട് മോദി പറഞ്ഞു.

‘ഇന്ത്യ വലിയ ലക്ഷ്യങ്ങളാണ് ഉന്നം വയ്ക്കുന്നത്. അതിനായി തങ്ങളുടെ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുകയാണ്. ഇന്ത്യയെ ‘വിശ്വമിത്ര’ ആയാണ് ലോകം നോക്കിക്കാണുന്നത്. തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിന് ഇന്ത്യ അഭൂതപൂര്‍വമായ പിന്തുണയാണ് നല്‍കുന്നത്. മര്‍ച്ചന്റ് ഷിപ്പിംഗും പ്രോത്സാഹിപ്പിക്കപ്പെടുന്നു. സമുദ്രങ്ങളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലേക്ക് ഇന്ത്യ നീങ്ങുകയാണ്’ മോദി വ്യക്തമാക്കി.

ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍, സ്‌പെഷ്യല്‍ ഫോഴ്‌സ് എന്നിവ ചേര്‍ന്ന് തര്‍ക്കര്‍ലി ബീച്ചില്‍ നിന്ന് നടത്തിയ പ്രകടനത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *