കേരളവര്‍മ കോളജ്: എസ് എഫ് ഐ സ്ഥാനാര്‍ഥിയുടെ വിജയം റദ്ദാക്കി ഹൈക്കോടതി; റീ കൗണ്ടിങ്ങിന് ഉത്തരവ്

കൊച്ചി : കേരളവര്‍മ കോളജ് തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി കെ എസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെഎസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ഥി ശ്രീക്കുട്ടന്റെ ഹരജിയിലാണ് കോടതി നടപടി.മാനദണ്ഡങ്ങള്‍ അനുസരിച്ച് വീണ്ടും വോട്ടെണ്ണാന്‍ ജസ്റ്റിസ് ടി ആര്‍ രവിയാണ് ഉത്തരവിട്ടത്.

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായ മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി എസ് ശ്രീക്കുട്ടന്‍ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ നിലപാടെടുത്തു.ശ്രീക്കുട്ടന്‍ 896 വോട്ടും എസ്എഫ്‌ഐയിലെ അനിരുദ്ധന്‍ 895 വോട്ടും നേടിയെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്.

എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് തുടങ്ങിയെങ്കിലും രണ്ടു തവണ കോളജില്‍ വൈദ്യുതി തടസ്സപ്പെട്ടു. ഒടുവില്‍ റീ കൗണ്ടിങ്ങിലൂടെ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്കു വിജയിച്ചതായി രാത്രി വൈകി പ്രഖ്യാപനമുണ്ടായി. ഇതിനെതിരെയാണ് ശ്രീക്കുട്ടന്‍ കോടതിയെ സമീപിച്ചത്.35 വര്‍ഷത്തിന് ശേഷമാണ് തൃശ്ശൂര്‍ കേരള വര്‍മ കോളജില്‍ കെ എസ് യു ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിക്കുന്നത്. തൊട്ടു പിന്നാലെ റീ കൗണ്ടിങ്ങിലൂടെ കെ എസ് യു പരാജയപ്പെട്ടു. റീ കൗണ്ടിങ് നടത്തിയപ്പോള്‍ ആദ്യ ഘട്ടത്തില്‍ അസാധുവാക്കിയ വോട്ടുകള്‍ കൂടി എണ്ണിയെന്നും അങ്ങനെയാണ് എസ്എഫ്‌ഐ സ്ഥാനാര്‍ഥി വിജയിച്ചതെന്നുമാണ് ശ്രീക്കുട്ടന്‍ ഹരജിയില്‍ ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *