പി എന്‍ മഹേഷ് ശബരിമല മേല്‍ശാന്തി; പി ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: എറണാകുളം മൂവാറ്റുപുഴ പുത്തില്ലത്ത് മനയിലെ മഹേഷ് പി എന്നിനെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു.

മൂവാറ്റുപുഴ ഏനാനല്ലൂര്‍ സ്വദേശിയാണ് പി എന്‍ മഹേഷ്. പാറമേക്കാവ് ക്ഷേത്രം ശാന്തിയാണ്.

സന്നിധാനത്ത് നടന്ന ചടങ്ങില്‍ അദ്യ നറുക്കില്‍ തന്നെ പി എന്‍ മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പട്ടികയില്‍ 17 പേരാണ് ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ വൈദേഹ് എം. വര്‍മ്മ എന്ന കുട്ടിയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്ക് എടുത്തത്.

തൃശൂര്‍ തൊഴിയൂര്‍ വടക്കേക്കാട്ട് പൂക്കാട്ട് മനയിലെ പി ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ഏഴാമത്തെ നറുക്കിലാണ് അദ്ദേഹം മേല്‍ശാന്തിയായത്. മാളികപ്പുറം ക്ഷേത്രത്തില്‍ 12 പേരാണ് അന്തിമ മേല്‍ശാന്തി പട്ടികയില്‍ ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള നിരുപമ ജി വര്‍മ്മയാണ് നറുക്കെടുത്തത്.

വൃശ്ചികം ഒന്നുമുതല്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. രാവിലെ ഉഷ: പൂജയ്ക്കു ശേഷം നറുക്കെടുപ്പിനായുള്ള ചുരുട്ടുകള്‍ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചിരുന്നു. തുടര്‍ന്ന് തന്ത്രി കുടങ്ങള്‍ ശ്രീലകത്തേക്ക് കൊണ്ടുപോയി പൂജിച്ച ശേഷം ശ്രീകോവിലിന് മുന്നില്‍ വയ്ച്ചു. ഇതിന് ശേഷമാണ് നറുക്കെടുപ്പ് നടന്നത്.

ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവന്‍, ജി.സുന്ദരേശന്‍, സ്‌പെഷ്യല്‍ കമ്മിഷണര്‍ എം.മനോജ്, ഹൈക്കോടതി നിരീക്ഷകന്‍ റിട്ട. ജസ്റ്റീസ് പത്മനാഭന്‍ നായര്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്.പ്രകാശ്, സെക്രട്ടറി ജി. ബൈജു, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് എസ്.പി സുബ്രഹ്മണ്യന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.

തുലാമാസ പൂജകള്‍ക്കായി കഴിഞ്ഞദിവസം ശബരിമല നട തുറന്നിരുന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്ബൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്‌നി തെളിച്ചു. ഇന്നലെ പ്രത്യേക പൂജകള്‍ ഇല്ലായിരുന്നു. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 22ന് രാത്രി 10ന് നട അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി നവംബര്‍ 10ന് വൈകിട്ട് 5ന് നടതുറക്കും. 11നാണ് ആട്ട ചിത്തിര.

Leave a Reply

Your email address will not be published. Required fields are marked *