ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമായി നിലനിര്‍ത്താന്‍ ബിജെപി – ആര്‍എസ്എസ് യോഗതീരുമാനം

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമായി നിലനിര്‍ത്താന്‍ ബിജെപി – ആര്‍എസ്എസ് നേതൃയോഗം തീരുമാനിച്ചു. ശബരിമല പ്രക്ഷോഭങ്ങളുടെയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ശബരിമല വിഷയത്തില്‍ തുടര്‍ന്നും പ്രക്ഷോഭങ്ങളുമായി ശക്തമായി മുന്നോട്ട് പോകും. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഇപ്പോള്‍ കടുത്ത ജനവികാരം ആണുള്ളതെന്ന് യോഗം വിലയിരുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനം
തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകളും യോഗത്തിലുണ്ടായി. വിജയസാധ്യത പരമാവധി വിലയിരുത്തിയ ശേഷമായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ഹര്‍ത്താലിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായി കേസുകളെടുക്കാന്‍ അനുവദിക്കില്ല. ശബരിമല യുവതീ പ്രവേശനത്തില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം. ശബരിമല വിഷയത്തില്‍ സമരം ശക്തമായി തുടരും. കര്‍മസമിതി പ്രവര്‍ത്തകന്റെ മരണത്തെ കുറിച്ച് കള്ളപ്രചാരണം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം.
മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് സമരം ശക്തമാക്കും. മുഖ്യമന്ത്രിയെ താഴെയിറക്കും വരെ സമരം തുടരും. ശബരിമല കര്‍മ സമിതിയുടെ സമരങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കാനാണ് ബിജെപി – ആര്‍എസ്എസ് യോഗത്തില്‍ തീരുമാനമെന്നും എംടി രമേശ് പറഞ്ഞു. ഹര്‍ത്താലിനെ തുടര്‍ന്നുള്ള അക്രമസംഭവങ്ങളുടെ പേരില്‍ സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസുകള്‍ എടുക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധവുമായി നേതൃത്വം രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *