തന്ത്രിയോട് വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ കയറിയതിനെത്തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിയോട് വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദേവസ്വം കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് യോഗം തീരുമാനമെടുത്തത്. ശുദ്ധിക്രിയ നടത്തിയ നടപടി സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്കു ചേര്‍ന്നതല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു.
തന്ത്രി നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിനെ ബോര്‍ഡ് ചുമതലപ്പെടുത്തിയിരുന്നു. കമ്മിഷണര്‍ ഇന്ന് രാവിലെ റിപ്പോര്‍ട്ട് കൈമാറി. തന്ത്രിയുടെ നടപടി തെറ്റാണെന്നും ബോര്‍ഡിനെ അറിയിക്കാതെയാണ് നട അടച്ചതെന്നും കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദേവസ്വം മാന്വലിന്റെ ലംഘനമാണ് നടന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.
രണ്ടു യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച വാര്‍ത്ത മുഖ്യമന്ത്രി സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ക്ഷേത്രനട അടച്ച് ശുദ്ധിക്രിയ നടത്താന്‍ തന്ത്രി നിര്‍ദേശിച്ചത്. തന്ത്രി കണ്ഠര് രാജീവര് പന്തളം കൊട്ടാരം നിര്‍വാഹക സമിതി ്രപസിഡന്റ് പി.ജി.ശശികുമാര വര്‍മ്മയുമായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറുമായും ഫോണില്‍ സംസാരിച്ചശേഷമാണ് നട അടച്ച് ശുദ്ധിക്രിയ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *