അക്രമികളെ കാത്തിരിക്കുന്നത് കടുത്ത പോലീസ് നടപടികള്‍

തിരുവനന്തപുരം : ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംസ്ഥാനത്ത് അഴിഞ്ഞാടിയ അക്രമികളെ കാത്തിരിക്കുന്നത് കടുത്ത നടപടികള്‍. വാഹനങ്ങളെയും,വ്യാപാരസ്ഥാപനങ്ങളെയും തകര്‍ത്തവരില്‍ നിന്നും നഷ്ടപരിഹാരം വാങ്ങാനാണ് നീക്കം. പൊതുമുതല്‍ നശീകരണം തടയല്‍ നിയമം മുഖേന അറസ്റ്റ് ചെയ്തവരാണ് ഇത്തരത്തില്‍ കാശ് കെട്ടിവയ്ക്കേണ്ടി വരിക. ഇത്തരം കേസുകളില്‍ കോടതികളില്‍ നിന്നും ജാമ്യം ലഭിക്കണമെങ്കില്‍ നഷ്ടപരിഹാര തുക കെട്ടിവച്ചേ മതിയാവൂ. കെ.എസ്. ആര്‍.ടി.സിയുടെ നൂറില്‍പ്പരം ബസുകളാണ് അക്രമികള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തകര്‍ത്തത്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമേഖല സ്ഥാപനത്തിന് ഉണ്ടായത്. ഇത് കൂടാതെ വ്യാപാര സ്ഥാപനങ്ങളില്‍ അക്രമം നടത്തിയവരും കുടുങ്ങുമെന്ന് ഉറപ്പാണ്. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞതിനാല്‍ പൊലീസിന് എളുപ്പത്തില്‍ ഇവരെ പിടികൂടാനാവും.

അതേസമയം കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല പോലീസ് യോഗത്തില്‍ അക്രമികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആല്‍ബം തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ മാസപൂജയ്ക്ക് നടതുറന്നപ്പോള്‍ അക്രമം അഴിച്ച് വിട്ട സംഘപരിവാര്‍ പ്രവര്‍ത്തകരെ കുടുക്കാന്‍ ആല്‍ബം വഴി പൊലീസിന് സാധിച്ചിരുന്നു. ഇത്തരത്തില്‍ ഹര്‍ത്താലിനും അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ ശേഖരിച്ച് ജില്ലാതലത്തില്‍ പട്ടിക തയ്യാറാക്കാനാണ് പൊലീസ് തീരുമാനം. ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ ഇക്കൂട്ടരെ പിടികൂടാന്‍ സ്പെഷല്‍ ഡ്രൈവ് ഇതിനകം തന്നെ പൊലീസ് ആരംഭിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നവരെ പിടികൂടി അവരുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ മരവിപ്പിക്കാനാണ് പൊലീസ് നീക്കം. അഴിക്കുള്ളിലായ അണികളുടെ രക്ഷയ്ക്ക് പാര്‍ട്ടി എത്തിയില്ലെങ്കില്‍ സ്വത്തുവകകളില്‍നിന്ന് നഷ്ടം ഈടാക്കിയിട്ടേ കല്ലേറില്‍ പങ്കെടുത്തവര്‍ക്ക് പുറത്തിറങ്ങാനാവുകയുള്ളു. രണ്ട് ദിവസങ്ങളിലായി പൊതുമുതല്‍ നശിപ്പിച്ച് 750ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *