അനന്തപുരി എഫ്.എമ്മിന്റെ പ്രക്ഷേപണം നിര്‍ത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കത്ത് നല്‍കി

തിരുവനന്തപുരം : തിരുവനന്തപുരം ആകാശവാണിയുടെ എഫ്.എം. സ്‌റ്റേഷനായ അനന്തപുരി എഫ്.എമ്മിന്റെ പ്രക്ഷേപണം നിര്‍ത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രസാര്‍ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഗൗരവ് ദിവേദിക്ക് കത്ത് നല്‍കി.

നാലര ദശലക്ഷം ശ്രോതാക്കളുള്ള തിരുവനന്തപുരം നിവാസികളുടെ പ്രിയപ്പെട്ട റേഡിയോ ചാനലാണ് അനന്തപുരി എഫ്.എം എന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്തിന്റെ സാംസ്‌ക്കാരിക ജീവിതവുമായി ഇഴുകി ചേര്‍ന്നതാണ് ഈ റേഡിയോ ചാനല്‍. ലക്ഷക്കണക്കിനാളുകള്‍ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും വിനോദത്തിനുമായി ആശ്രയിക്കുന്ന ജനപ്രിയ റേഡിയോ ചാനാലാണിത്. കാലാവസ്ഥ, ട്രാഫിക്, കുടിവെള്ള വിതരണം, വൈദ്യുതി വിതരണം തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ വിവരങ്ങള്‍ക്ക് ജനലക്ഷങ്ങള്‍ ആശ്രയിക്കുന്നതും അനന്തപുരി എഫ്.എമ്മിനെയാണ്. ഇവിടെ നിന്നുള്ള ചലച്ചിത്ര ഗാനപരിപാടികള്‍ക്കും വന്‍തോതില്‍ ജനപ്രീതിയുണ്ട്.

അനന്തപുരി എഫ്.എമ്മിന്റെ പരിപാടികള്‍ ഇന്റര്‍നെറ്റ് വഴി ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ആസ്വദിക്കുന്നുമുണ്ട്. അതിനാല്‍ ഈ റേഡിയോ ചാനലിന്റെ പ്രക്ഷേപണം നിര്‍ത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് അനന്തപുരി എഫ് എം ചാനലിന്റെ പ്രക്ഷേപണം മുന്നറിയിപ്പില്ലാതെ പ്രസാര്‍ ഭാരതി അവസാനിപ്പിച്ചത്. പ്രക്ഷേപണം നിര്‍ത്താനുള്ള ഉത്തരവ് കൈയില്‍ കിട്ടിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ പോലും വിവരമറിയുന്നത്. കേരളത്തിലെ ആദ്യത്തെ എഫ് എം ചാനലാണ് അനന്തപുരി എഫ് എം. ചാനലിന്റെ പേര് മാറ്റിയതും നേരത്തെ വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *