മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; ബിജെപി പ്രവർത്തകന്‍റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലം

കോട്ടയം : പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലയ്ക്കേറ്റ ഗുരുതര ക്ഷതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. തലയില്‍ നിരവധി ക്ഷതങ്ങളുണ്ടെന്നും ഇതാണു മരണകാരണമെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം തിരുനക്കരയില്‍ പൊതുദര്‍ശനത്തിനു ശേഷം പന്തളത്തേക്കു കൊണ്ടു പോകുന്നു.


ചന്ദ്രന്റെ തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. അമിത രക്തസ്രാവവും മരണകാരണമായി. നേരത്തേ ചന്ദ്രനു ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നതായും കണ്ടെത്തി. മരണകാരണം ഹൃദയസ്തംഭനമാണെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. ഇത് വിരുദ്ധമായ വിവരങ്ങളാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
ശബരിമല കര്‍മസമിതി പന്തളത്ത് നടത്തിയ പ്രകടനത്തിനു നേരെയുണ്ടായ കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താനു പരുക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നവഴി ശാരീരികസ്ഥിതി മോശമായതിനെത്തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.
ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് ചന്ദ്രന്‍ ആശുപത്രിയില്‍ മരിച്ചതെന്നാണു മുഖ്യമന്ത്രി രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഹൃദയസ്തംഭനത്തിന്റെ കാരണം അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേത്തുടര്‍ന്ന്് ചന്ദ്രന്‍ ഉണ്ണിത്താന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രി നടത്തുന്നതെന്നു ബിജെപി ആരോപിച്ചിരുന്നു.
അതേസമയം സിപിഎം ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍നിന്നാണ് കല്ലേറുണ്ടായതെന്ന് പൊലീസ് സ്ഥീരീകരിച്ചിട്ടുണ്ട്. കെട്ടിടത്തിനു മുകളില്‍നിന്ന് അക്രമികള്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്ലേറുണ്ടായപ്പോള്‍ പൊലീസ് ഇടപെടല്‍ ഉണ്ടായില്ലെന്നു മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബം ആരോപിച്ചിരുന്നു. ചന്ദ്രന്‍ മരിച്ച സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *