ഡോ.വന്ദനദാസിനെ കുത്തിക്കൊന്ന ജി സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ.വന്ദനദാസിനെ കുത്തിക്കൊന്ന ജി സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. മറ്റുള്ളവരെ ഉപദ്രവിക്കാന്‍ താത്പര്യമുള്ള പ്രകൃതക്കാരനാണ് ഇയാള്‍. സംഭവം നടക്കുമ്പോള്‍ സന്ദീപ് മദ്യപിച്ചതിനോ രാസലഹരി ഉപയോഗിച്ചതിനോ തെളിവില്ല. അക്രമാസക്തനായതിനാല്‍ വൈകിയാണ് സന്ദീപിന്റെ രക്ത സാംപിള്‍ എടുത്തത്.

സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ക്ക് താത്പര്യമുണ്ട്. മുമ്പ് മദ്യപിച്ചിരുന്നതായും പിന്നീട് മദ്യപാനം നിര്‍ത്തി ചികിത്സ തേടിയതായും സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞിട്ടുണ്ട്. മദ്യപാനം നിര്‍ത്തിയപ്പോഴുള്ള മാനസിക പ്രശ്‌നങ്ങളോ മദ്യപാനം നിര്‍ത്താന്‍ ചികിത്സ തേടിയശേഷം വീണ്ടും ലഹരി ഉപയോഗിച്ചതോ ആകാം സന്ദീപിനെ അക്രമാസക്തനാക്കിയതെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. ലഹരി ഉപയോഗം പ്രതിയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയിരിക്കാമെന്നും മെഡിക്കല്‍ ബോര്‍ഡ് ജില്ലാ െ്രെകംബ്രാഞ്ചിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സന്ദീപ് മദ്യത്തിന് അടിമയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞിട്ടുണ്ട്. ഇതോടെയാണ് ഭാര്യയും മക്കളും മാറി താമസിച്ചത്. അമ്മയോടൊപ്പമായിരുന്നു ഇയാളുടെ താമസം. വിലങ്ങറ യുപി സ്‌കൂളിലെ അധ്യാപകനായിരുന്നു ഇയാള്‍. കൊലപാതകത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലാണ്.

Leave a Reply

Your email address will not be published. Required fields are marked *