ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്.

ഗ്രീഷ്മയെ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്ത് കേസ് വിചാരണ നടത്തണമെന്ന ഷാരോണ്‍ രാജിന്റെ കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ പ്രതിയ്ക്ക് ഈ സമയത്തും ജാമ്യാപേക്ഷയുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് ഗ്രീഷ്മ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.

കേസ് തെളിഞ്ഞതുമുതല്‍ അഞ്ച് മാസത്തോളമായി ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ്. കേസില്‍ വാദം ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ഇത് വിചാരണയെ സാരമായി ബാധിക്കാനിടയുണ്ടെന്നും കാലതാമസമുണ്ടായാല്‍ സാഹചര്യ തെളിവുകള്‍ നഷ്ടപ്പെടാനിടയുണ്ടെന്നും സ്‌പെഷ്യല്‍ പബഌക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ജാമ്യത്തില്‍ ഇറങ്ങുന്നത് അപകടമാണെന്നുമുള്ള സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത് കുമാറിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കസ്റ്റഡി വിചാരണ അനുവദിച്ചത്. ഒന്നാം പ്രതിക്കായി ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരുന്നെങ്കിലും അപ്രതീക്ഷിതമായി പ്രതിഭാഗം ജാമ്യ ഹര്‍ജി പിന്‍വലിച്ചു. എന്നാല്‍ കസ്റ്റഡി വിചാരണ ഹര്‍ജി തീര്‍പ്പായശേഷം വീണ്ടും ജാമ്യ അപേക്ഷ നല്‍കാന്‍ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *