ഹയര്‍ സെക്കന്‍ഡറി പരീക്ഷ: പ്ലസ് ടുവില്‍ 82.95% വിജയം

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ പ്ലസ് ടുവില്‍ 82.95 ശതമാനം വിജയം. പരീക്ഷ എഴുതിയവരില്‍ 3,120,05 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 33,915 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണിത്. ഏറ്റവും കൂടുതല്‍ എ എപ്ലസ് മലപ്പുറം ജില്ലയിലാണ്. 4897 പേര്‍ മലപ്പുറത്ത് എ എപ്ലസ് നേടി.

കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 83.87 ആയിരുന്നു. 0.92 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. അതേസമയം, വി എച്ച് എസ് ഇയില്‍ 22,338 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 78.39 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷമിത് 78.26 ശതമാനമായിരുന്നു. 0.9 ശതമാനം ആണ് വര്‍ധന. വി എച്ച് എസ് ഇയില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം വയനാട് ജില്ലയിലാണ്. കുറവ് പത്തനംതിട്ടയിലും.

വൈകുന്നേരം നാല് മണി മുതല്‍ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാക്കുന്നതിന് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വെബ്‌സൈറ്റുകള്‍:www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in. മൊബൈൽ ആപ്പുകൾ: APHALAM 2023, iExaMS Kerala, PRD Live.

ജൂണ്‍ 21 മുതലാണ് സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ ആരംഭിക്കുക. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനം ജൂണ്‍ രണ്ട് മുതല്‍ പത്ത് വരെ ഓണ്‍ലൈനായി നടക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ ആകെ 4,32,436 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,14,379 പേര്‍ പെണ്‍കുട്ടികളും 2,18,057 ആണ്‍കുട്ടികളുമാണ്. ഹയര്‍സെക്കന്‍ഡറി ടെക്‌നിക്കല്‍ വിഷയമായെടുത്ത് 1753 വിദ്യാര്‍ഥികളും ആര്‍ട്‌സ് വിഭാഗത്തില്‍ 64 വിദ്യാര്‍ഥികളും പരീക്ഷ എഴുതിയിരുന്നു. സ്‌കോള്‍ കേരള വഴി പരീക്ഷ എഴുതിയ 34,786 വിദ്യാര്‍ഥികളും പ്രൈവറ്റ്‌ വിഭാഗത്തില്‍ 19,698 വിദ്യാര്‍ഥികളും പരീക്ഷാഫലം കാത്തിരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *