അഴിമതിയോടു വിട്ടുവീഴ്ചയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം : ശമ്പളം തികയാത്തതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നതെന്നും എന്നാല്‍ ശമ്പളം അനക്കാതെ വച്ചുകൊണ്ടു കൈക്കൂലി വാങ്ങുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

അഴിമതി സംബന്ധിച്ചു സര്‍ക്കാര്‍ നയം നേരത്തെ വ്യക്തമക്കിയിട്ടുണ്ട്. അഴിമതിയോടു വിട്ടുവീഴ്ചയില്ല. അഴിമതിക്കാരോടു സഹതാപവുമില്ല. സഹപ്രവര്‍ത്തകര്‍ കൈക്കൂലി വാങ്ങുമ്പോള്‍ മറ്റുള്ളവര്‍ കണ്ണടക്കാന്‍ പാടില്ല. സര്‍ക്കാറും വിജിലന്‍സും മാത്രമല്ല ഓഫീസുകളെ നിരീക്ഷിക്കുന്നതെന്ന ഓര്‍മ ഓരോ ഉദ്യോഗസ്ഥനും പുലര്‍ത്തണം.

കേരള മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാം അതീവ രഹസ്യമായി ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്ന് ഇക്കാലത്ത് ആരും ധരിക്കരുത്. പിടികൂടപ്പെടുന്നത് ചിലപ്പോള്‍ മാത്രമായിരിക്കും. പിടികൂടിയാല്‍ വലിയ തോതിലുള്ളപ്രയാസം അതിന്റെ ഭാഗമായി അനുഭവിക്കേണ്ടിവരുമെന്ന കാര്യം ഇത്തരക്കാര്‍ ഓര്‍ക്കുന്നതു നല്ലതാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ മഹാഭൂരിപക്ഷവും സംശുദ്ധ ജീവിതം നയിക്കുന്നവരാണ്. ഒരു വിഭാഗം അഴിമതിയുടെ രുചിയറിഞ്ഞവരുണ്ട്. അവര്‍ മാറാന്‍ തയ്യാറല്ല എന്നാണു അനുഭവം.

ജനങ്ങളെ ശത്രുക്കളായി കാണാന്‍ പാടില്ല. ജനങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്നകാര്യങ്ങള്‍ വേഗത്തില്‍ ചെയ്തു കൊടുക്കണം. കേരളത്തിന്റെ ഈ സദ്‌പേരിനു അനുഗുണമായി ഓരോ ഓഫീസും പരിവര്‍ത്തിപ്പിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *