തലസ്ഥാനത്ത് കണ്ണേറ്റുമുക്കില്‍ വന്‍ കഞ്ചാവുവേട്ട; 4 പേര്‍ പിടിയിലായി

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവുവേട്ട. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് കണ്ണേറ്റുമുക്കില്‍ ഇന്നോവ കാറില്‍ ആന്ധ്രയില്‍ നിന്നെത്തിച്ച 100 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്.

കാറിലുണ്ടായിരുന്ന നാലുപേരെയും അറസ്റ്റുചെയ്തു. ഇതില്‍ ഒരാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.വിഷ്ണു, അഖില്‍, രതീഷ്, കരിങ്കടമുകള്‍ സ്വദേശി രതീഷ് എന്നിവരാണ് പിടിയിലായത്. ഇതില്‍ അഖില്‍ സംസ്‌കൃത സര്‍വകലാശാല വഞ്ചിയൂര്‍ സെന്റര്‍ മുന്‍ സെക്രട്ടിയാണ്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് അഖില്‍ പറയുന്നത്.

കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. കുടുംബവുമായി യാത്രചെയ്യുന്ന എന്ന തോന്നലുണ്ടാക്കാനാണ് സ്ത്രീയെയും കുട്ടികളെയും ഒപ്പംകൂട്ടിയതെന്നാണ് കരുതുന്നത്. വാഹനത്തിന്റെ നമ്ബര്‍ പ്‌ളേറ്റും വ്യാജമായിരുന്നു.

വാടകയ്‌ക്കെടുത്ത കാറിലാണ് സംഘം കഞ്ചാവ് കടത്തിയത്. കുടുംബത്തോടെ ടൂര്‍ പോകാനെന്ന് പറഞ്ഞ് വാടകയ്‌ക്കെടുത്ത കാറില്‍ സംഘം ആന്ധ്രയിലേക്ക് പോവുകയും അവിടെ നിന്ന് കഞ്ചാവ് കൊണ്ടുവരികയുമായിരുന്നു. തുടര്‍ച്ചയായി 1300 കിലോമീറ്റര്‍ വാഹനം ഓടിയതായി ജി പി എസില്‍ നിന്ന് മനസിലാക്കിയതോടെ സംശയം തോന്നിയ വാഹന ഉടമ എക്‌സൈസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ണേറ്റുമുക്കിന് സമീപത്തെ ഒരു ഹോട്ടലിനടുത്ത് കാര്‍ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കഞ്ചാവടക്കം വാഹനം മറ്റുചിലര്‍ക്ക് കൈമാറാനുളള ശ്രമത്തിനിടെയാണ് എക്‌സൈസ് സംഘം എത്തിയത്. പിടിയിലായവരില്‍ ചിലര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *