അരിക്കൊമ്പന്‍ വിഷയം പഠിക്കുന്നതിന് അഞ്ചംഗ വിദഗ്ധ സമിതി

കൊച്ചി : മൂന്നാര്‍ ചിന്നക്കനാല്‍ മേഖലയിലെ അരിക്കൊമ്പന്‍ വിഷയം പഠിക്കുന്നതിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. വിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന ലക്ഷ്യത്തോടെയാണ് സമിതിയെ നിയോഗിച്ചത്. ചിന്നക്കനാല്‍ മേഖലയെ കുറിച്ച് അറിവുള്ള രണ്ട് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും ആനയുടെ പെരുമാറ്റവും പ്രകൃതവും തിരിച്ചറിയാനാകുന്ന രണ്ട് വിദഗ്ധരും കോടതിയെ സഹായിക്കാന്‍ ഒരമിക്കസ് ക്യൂറിയും സംഘത്തിലുണ്ടാകും.

അരിക്കൊമ്പനെ തത്ക്കാലം വെടിവെച്ച് കൂട്ടിലടയ്‌ക്കേണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ നിരീക്ഷിക്കാന്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാമെന്നും കോടതി പറഞ്ഞു. ആനയെ പിടിക്കാതെ മറ്റൊരു വഴിയുമില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടലടയ്ക്കുന്നതൊഴികെയുള്ള എന്ത് നിര്‍ദേശവും സര്‍ക്കാരിന് വെക്കാമെന്ന് കോടതി പറഞ്ഞു. എത്ര ആനകളെ ഇങ്ങനെ കെണിയിലാക്കുമെന്ന് ചോദിച്ച കോടതി, ഒരു കൊമ്പന്‍ പോയാല്‍ മറ്റൊന്ന് വരുമെന്നും പറഞ്ഞു.

കാട്ടിലുളള മുഴുവന്‍ മൃഗങ്ങളേയും പിടികൂടി കൂട്ടിലടക്കാനാണോ ഉദ്യോഗസ്ഥര്‍ ഒരുങ്ങുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍, ആനയെ പിടികൂടി കൂട്ടിലടയ്ക്കുകയല്ലാതെ മറ്റു വഴിയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കേസില്‍ കക്ഷി ചേര്‍ന്ന ചിന്നക്കനാല്‍ശാന്തമ്പാറ പഞ്ചായത്തും അറിയിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും ശാശ്വത പരിഹാരത്തിനാണ് ശ്രമമെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ പിടികൂടാന്‍ എത്തിയ പ്രത്യേക സംഘം കുറച്ച് ദിവസം കൂടി ചിന്നക്കനാലില്‍ തുടരാന്‍ കോടതി നിര്‍ദേശിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും ആനയെ മയക്കുവെടിവെച്ച് പിടികൂടണോയെന്ന കാര്യത്തില്‍ അന്തിമ ഉത്തരവ് ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *