ശബരിമല നട അടച്ചു; തിരുവാഭരണങ്ങള്‍ തിരികെ പന്തളത്തേക്ക്

പത്തനംതിട്ട: രണ്ട് മാസം നീണ്ടുനിന്ന മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് സമാപനമായി. തിരുവാഭരണങ്ങളുമായി രാവിലെ ആറ് മണിയോടെ വാഹകസംഘം പതിനെട്ടാം പടിയിറങ്ങിയതോടെ ശബരിമല നടയടച്ചു.

അശുദ്ധിയെത്തുടര്‍ന്ന് പന്തളത്ത് നിന്നും രാജപ്രതിനിധി തിരുവാഭരണഘോഷയാത്രയില്‍ ഇല്ലാതിരുന്നതിനാല്‍ രാജപ്രതിനിധിയുടെ ചടങ്ങുകളൊന്നും രാവിലെ ഇല്ലാതെയാണ് നടയടച്ചത്.

19ന് രാത്രി ഹരിവരാസനം പാടി നടയടച്ച ശേഷം മാളികപ്പുറത്ത് ഭൂതഗണങ്ങള്‍ക്കായുളള ഗുരുതി ചടങ്ങ് നടന്നു. ശേഷം ഇന്ന് നടയടച്ചതോടെ ദേവസ്വംബോര്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വരുമാനം നേടിയ തീര്‍ത്ഥാടന കാലത്തിനാണ് സമാപനമായത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കണക്ക് പ്രകാരം 312 കോടി രൂപയാണ് ഇത്തവണ നടവരവ്.

ഇതിനിടെ മലപോലെ കുന്നുകൂടിയ നാണയങ്ങള്‍ അടക്കം കാണിക്കപണം ജനുവരി 25നകം എണ്ണിത്തീരുമെന്നാണ് ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ശബരിമലയില്‍ ഇക്കുറി ലഭിച്ച കാണിക്ക എണ്ണുന്നത് സംബന്ധിച്ച് ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് വിശദീകരണം.
ശബരിമലയില്‍ കാണിക്കപ്പണം യഥാസമയം എണ്ണിമാറ്റാത്തതിനാല്‍ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ നശിച്ച വാര്‍ത്ത 17ന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്ത കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയ പരിഗണിക്കുന്ന ഹര്‍ജിയിലാണ് ദേവസ്വം ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *