തിരുവനന്തപുരത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ പെരുങ്ങുഴി ജംഗ്ഷനു സമീപമുള്ള സ്വകാര്യ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഇവിടെയുള്ള താറാവിലും കോഴിയിലുമാണ് പക്ഷിപ്പനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. നൂറുകണക്കിന് താറാവും കോഴിയും ഇവിടെ ചാവുകയും ചെയ്തു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നിന്ന് കൊണ്ടുവന്ന താറാവ് കുഞ്ഞുങ്ങള്‍ക്കും ഹൈദരാബാദില്‍ നിന്ന് കൊണ്ടുവന്ന കോഴിക്കുഞ്ഞുങ്ങള്‍ക്കുമാണ് രോഗം പടര്‍ന്നുപിടിച്ചത്.

ഫാമിലെ താറാവിനും കോഴിക്കും അസുഖബാധയേറ്റപ്പോള്‍ ആദ്യം ആന്റിബയോട്ടിക്കുകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വിശദപരിശോധനയ്ക്കായി സാമ്ബിള്‍ പാലോട് സ്‌റ്റേറ്റ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസസിലും കൂടുതല്‍ പരിശോധനയ്ക്കായി ഭോപ്പാലിലും (എന്‍.ഐ.എച്ച്.എസ്.എ.ഡി ലാബില്‍) അയച്ചു. അവിടെ നിന്ന് കിട്ടിയ റിസള്‍ട്ട് പോസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

2000 കോഴികളെയും താറാവിനെയും കൊല്ലും

അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാളെ മുതല്‍ പക്ഷികളെ കൊന്നുതുടങ്ങും. ആദ്യ ഘട്ടത്തില്‍ 2000 താറാവിനെയും കോഴിയെയുമാണ് കൊല്ലുന്നത്.

പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ അഴൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംഗ്ഷന്‍ വാര്‍ഡിന്റെ (വാര്‍ഡ് 15) ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളായ റെയില്‍വേ സ്‌റ്റേഷന്‍ വാര്‍ഡ് (വാര്‍ഡ് 17) പൂര്‍ണമായും, പഞ്ചായത്ത് ഓഫീസ് വാര്‍ഡ് (വാര്‍ഡ് 16), കൃഷ്ണപുരം വാര്‍ഡ് (വാര്‍ഡ് 7), അക്കരവിള വാര്‍ഡ് (വാര്‍ഡ് 14), നാലുമുക്ക് (വാര്‍ഡ് 12) കൊട്ടാരം തുരുത്ത് (വാര്‍ഡ് 18) എന്നീ വാര്‍ഡുകള്‍ ഭാഗികമായി ഉള്‍പ്പെട്ട പ്രദേശങ്ങളിലെ മുഴുവന്‍ കോഴി, താറാവ്, മറ്റ് അരുമ പക്ഷികള്‍ എന്നിവയെ കൊന്ന് മുട്ട,ഇറച്ചി,കാഷ്ഠം (വളം), തീറ്റ എന്നിവയും കത്തിച്ച് നശിപ്പിക്കും.

ഒരു കിലോമീറ്ററിന് ചുറ്റുമുള്ള ഒന്‍പത് കിലോമീറ്ററില്‍ ഉള്‍പ്പെടുന്ന കിഴുവിലം, കടയ്ക്കാവൂര്‍, കീഴാറ്റിങ്ങല്‍,ചിറയിന്‍കീഴ്,മംഗലപുരം,അണ്ടൂര്‍കോണം,പോത്തന്‍കോട് എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കഴക്കൂട്ടം, ആറ്റിപ്ര വാര്‍ഡിലെ ആറ്റിന്‍കുഴി പ്രദേശം എന്നിവയും ഉള്‍പ്പെടുന്ന സര്‍വൈലന്‍സ് സോണിന്റെ പരിധിയില്‍ നിന്ന് പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമ പക്ഷികള്‍ എന്നിവയുടെ കൈമാറ്റം, കടത്ത്, വില്പന എന്നിവ നിരോധിച്ചു. ഈ പഞ്ചായത്തുകളില്‍ നിന്ന് പുറത്തേക്ക് മുട്ട, ഇറച്ചി,വളം,തീറ്റ എന്നിവയുടെ വില്പന,നീക്കം എന്നിവയ്ക്കും മൂന്ന് മാസത്തേക്ക് നിരോധനം ഉണ്ടായിരിക്കും.

മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ തിങ്കളാഴ്ച മുതല്‍ പക്ഷികളെ കൊല്ലുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും എല്ലാവരും സഹകരിക്കണമെന്നും ജില്ലാകളക്ടര്‍ ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു. അതേസമയം പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും വളര്‍ത്തുപക്ഷികള്‍ അസ്വാഭാവികമായി കൂട്ടമായി ചത്തപോകുന്ന സാഹചര്യങ്ങളില്‍ ആ വിവരം അടുത്തുള്ള മൃഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും മൃഗസംരക്ഷണ ഓഫീസറും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *