സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.

പദ്ധതി ഉപേക്ഷിക്കില്ല. സമരക്കാര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കില്ല. നിങ്ങള്‍ വിജയിച്ചു, പക്ഷെ ഇത് നാടിന്റെ പരാജയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതിയുമായി ബന്ധപ്പെട്ട ക്രയ വിക്രയത്തിനോ വായ്പയെടുക്കാനോ തടസമില്ലെന്ന് റവന്യുമന്ത്രി വിശദീകരിച്ചു.

അതേസമയം, എന്ത് അനുമതി കിട്ടിയാലും സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും, ഭൂമി ഏറ്റെടുപ്പിന് ഇറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷം വികസനത്തിന്റെ ഒപ്പം നില്‍ക്കുന്നവരാണ്. പക്ഷെ കേരളത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രിയെയും ബി.ജെ.പി നേതാക്കളെയും കണ്ട് സംസാരിച്ചാല്‍ പദ്ധതി നടപ്പാക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. കേന്ദ്രം അനുമതി തന്നാലും ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് സമരം ചെയ്യുമെന്നും പ്രതിപക്ഷം അറിയിച്ചു.

സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയതിന്റെ ധാര്‍ഷ്ട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇല്ലാത്ത പദ്ധതിയുമായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയായിരുന്നുവെന്നും സമരം ചെയ്തതിന് കേസെടുക്കണമെങ്കില്‍ഏറ്റവും കൂടുതല്‍ കേസെടുക്കേണ്ടത് നിങ്ങളുടെ പാര്‍ട്ടിക്കാര്‍ക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞക്കുറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനുള്ള സഹാനുഭൂതി സര്‍ക്കാര്‍ കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *