രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശിപാര്‍ശ ചെയ്തതെന്ന് രാജ്ഭവന്‍

തിരുവനന്തപുരം : രാജ്ഭവനില്‍ 20 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ മുഖ്യമന്ത്രിക്ക് ശിപാര്‍ശക്കത്ത് നല്‍കിയതില്‍ വിശദീകരണവുമായി രാജ്ഭവന്‍. അനുവദിക്കപ്പെട്ടതില്‍ നിന്ന് അധികമായി ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നും രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമനത്തിന് ശിപാര്‍ശ ചെയ്തതെന്നുമാണ് വിശദീകരണം.

23 വര്‍ഷമായി രാജ്ഭവനില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്ത ആളെ സ്ഥിരമാക്കാനാണ് ആവശ്യപ്പെട്ടത്. ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷനില്ല. പെന്‍ഷന്‍ അനുവദിക്കണമെന്ന ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും രാജ്ഭവന്‍ വിശദീകരിക്കുന്നു.

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. അഞ്ച് വര്‍ഷത്തില്‍ താഴെ സേവനപരിചയം ഉള്ള കുടുംബശ്രീ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. രാജ്ഭവനിലെ താല്‍ക്കാലിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ ആവശ്യം പരിഗണിച്ച് ഫോട്ടോഗ്രാഫറെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിരിന്നു. ഗവര്‍ണര്‍ പ്രത്യേക താല്‍പ്പര്യപ്രകാരം മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ എടുത്ത് പറയുന്നുമുണ്ട്. ഫെബ്രുവരി 17 നാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിറകെയാണ് വിശദീകരണവുമായി രാജ്ഭവന്‍ രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *